തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം എലിപ്പനിബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്. മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഡങ്കിപ്പനിക്ക് പുറമെ പകര്‍ച്ചവ്യാധികളും പെരുകുന്നു.
എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 27 പേര്‍ മരിച്ചു. 13 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചപ്പോള്‍ രണ്ടായിരത്തോളം പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു. ഡങ്കിക്കൊതുകളുടെ താണ്ഡവത്തിനൊപ്പം ഇനി എലിപ്പനിക്കാലം കൂടിയാണ്.
എലി മാളങ്ങളില്‍ വെളളം കയറുന്നതോടെ എലി മൂത്രത്തിലൂടെ പകരുന്ന എലിപ്പനി കേസുകളും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു മാസത്തിനിടെ എലിപ്പനി 27 ജീവനെടുത്തു. നാലാഴ്ചക്കിടെ 190 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
261 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടി. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തൊഴിലുറപ്പ് തൊഴിലാളികളിലാണ്.
എലി, നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെ രോഗാണു പകരാം. മുറിവുകളിലൂടെയും നേര്‍ത്ത ശരീരഭാഗങ്ങള്‍ വഴിയും കണ്ണുകള്‍ വഴിയും രോഗാണുക്കള്‍ ഉളളില്‍ക്കടക്കും. എച്ച് വണ്‍ എന്‍ വണ്‍ കേസുകളും കൂടുന്നു.
ഒരുമാസത്തിനിടെ 217 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 13 പേര്‍ മരണത്തിനു കീഴടങ്ങി. ഒരുമാസത്തിനിടെ 1873 പേര്‍ക്കാണ് ചിക്കന്‍പോക്സ് ബാധിച്ചത്. വിവിധ തരത്തിലുളള പനികള്‍ പകരുന്നതിനാല്‍ സ്വയം ചികില്‍സ പാടില്ലെന്നാണ് നിര്‍ദേശം.
