കൊല്ലം∙ ചെയിൻ സർവീസുകൾ ലാഭത്തിലാക്കാനെന്ന പേരിൽ വിദ്യാർഥികൾക്കു യാത്രാസൗജന്യം അനുവദിക്കാതെ കെഎസ്ആർടിസി. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിലാണ് പ്രധാനമായും കൺസഷൻ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നത്. അയൽജില്ലകളിലെ സ്കൂളുകളിലെ വിദ്യാർഥികളാണ് കൺസഷൻ ലഭിക്കാത്തതിനാൽ പ്രധാനമായും ദുരിതമനുഭവിക്കുന്നത്. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിൽ നെല്ലിക്കുന്നം വരെ മാത്രമാണ് കെഎസ്ആർടിസി കൺസഷൻ അനുവദിച്ചിരിക്കുന്നത്.

ഇതോടെ വേളമാനൂർ, പള്ളിക്കൽ, പകൽക്കുറി, ഓയൂർ മേഖലകളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ കൺസഷൻ ലഭിക്കില്ല. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിൽ നെല്ലിക്കുന്നം വരെ കൺസഷൻ നൽകിയാൽ മതിയെന്നു കെഎസ്ആർടിസി ചീഫ് ഓഫിസ് നിർദേശമുണ്ടെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. എന്നാൽ ചെയിൻ സർവീസുകൾ ലാഭത്തിലാക്കാൻ കൊട്ടാരക്കര, ചടയമംഗലം മേഖലകളിൽ ചെയിൻ സർവീസുകളിൽ കൺസഷൻ ഒഴിവാക്കണമെന്നു ചീഫ് ഓഫിസ് നിർദേശമുണ്ടായിരുന്നതായി ആക്ഷേപമുണ്ട്.
ചടയമംഗലത്തെ കൺസഷൻ നിർത്തലാക്കാനുള്ള തീരുമാനം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ഒഴിവാക്കാൻ സാധിച്ചു. കൊട്ടാരക്കരയിൽ നിന്ന് ഓയൂർ, പകൽക്കുറി വഴി പാരിപ്പള്ളി വരെ പോകുന്ന കെഎസ്ആർടിസി ബസുകളിൽ കൺസഷൻ ലഭിക്കാതായതോടെ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, പകൽക്കുറി, പാളയംകുന്ന് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതോടെ കൊട്ടാരക്കര ഭാഗത്തെ ഒട്ടേറെ വിദ്യാർഥികളാണ് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളെ ആശ്രയിക്കുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *