യുകെയിൽ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സാജുവിനെ പിടികൂടുന്നതിന്റെ ദൃ‍ശ്യം പുറത്തുവിട്ട് നോർതാംപ്ടൻ പൊലീസ്

ലണ്ടൻ: യുകെയിൽ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മലയാളി സാജുവിനെ പിടികൂടുന്നതിന്റെ ദൃ‍ശ്യം പുറത്തുവിട്ട് നോർതാംപ്ടൻ പൊലീസ്. 2022 ഡിസംബർ 15 ലെ ദൃശ്യങ്ങളാണിത്. യുവതിക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായി പരുക്കേറ്റെന്ന അടിയന്തര സന്ദേശത്തെ തുടർന്നാണു കെറ്ററിങ്ങിലെ വീട്ടിലേക്കു പൊലീസ് എത്തുന്നത്.

പൊലീസ് എത്തുമ്പോൾ കത്തി കയ്യിൽ പിടിച്ചിരിക്കുന്ന സാജുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി തവണ സാജുവിനോട് കത്തി താഴെയിടാൻ പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും തയ്യാറാകാതെ തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ട് അലറുകയായിരുന്നു സാജു.
തുടർന്ന് ടേസർ തോക്ക് ഉപയോഗിച്ചു സാജുവിനെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിശോധനയിൽ സാജുവിന്റെ ഭാര്യ അഞ്ജുവിന്റെയും മക്കളായ ജീവ സാജുവിന്റെയും ജാൻവി സാജുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കേസിൽ 40 വർഷം തടവിനാണു കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെ കോടതി ശിക്ഷിച്ചത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സാജു (52) ജീവിതാവസാനം വരെ തടവിനു ശിക്ഷിക്കപ്പെട്ടത്. പ്രതിക്ക് കുറഞ്ഞതു 40 വർഷം ജയിൽശിക്ഷ ഉറപ്പാക്കണമെന്നു നോർതാംപ്ടൻ ക്രൗൺ കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്.

Trigger warning
A man who killed his wife and their two children just ten days before Christmas has been handed a life sentence.
In the video below, you can see the moment he was arrested and tasered by our officers.
Read more here: https://t.co/AjgAVEWtfo pic.twitter.com/3kQw36HBa1
— Northants Police (@NorthantsPolice) July 3, 2023

2022 ഡിസംബർ 14നു രാത്രി 10 മണിക്ക് അഞ്ജുവിനെയും നാലു മണിക്കൂറിനു ശേഷം മക്കളെയും സാജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏൽപിച്ചിരുന്നു. സൗദിയിലായിരുന്ന സാജുവും അഞ്ജുവും 2021 ഒക്ടോബറിലാണു ബ്രിട്ടനിലേക്കു കുടിയേറിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *