ഹൈദരാബാദ്: മോഷണം പിടിക്കപ്പെടുമെന്ന് ഭയന്ന് 30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി. ഹൈദരാബാദിലെ സ്വകാര്യ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലാണ് സംഭവം. മോതിരം കാണാതായതോടെ ഉടമ പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ സ്ഥാപനത്തിലെ ജീവനക്കാരി പിടിയിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ മോതിരം ടോയ്‍ലറ്റ് ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞതായി യുവതി വെളിപ്പെടുത്തി. ഇതോടെ പ്ലംബറുടെ സഹായത്തോടെ ടോയ്‍ലറ്റ് പൈപ് ലൈനിൽനിന്ന് മോതിരം വീണ്ടെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞയാഴ്ച ഒരു സ്ത്രീ മുടി വെട്ടാനായി സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവരുടെ മോതിരം സ്ഥാപനത്തിലെ ജീവനക്കാരിയോട് ഒരു പെട്ടിയിൽ സൂക്ഷിക്കാൻ നിർദേശിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോതിരം ക്ലിനിക്കിൽ മറന്നുവെച്ച കാര്യം ഓർമ വന്നത്.
തിരിച്ച് സ്ഥാപനത്തിൽ എത്തിയപ്പോൾ ഇത് കാണാനുണ്ടായിരുന്നില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തി ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിക്കുകയും പിടിക്കപ്പെടുമെന്ന് ഭയന്ന് ശുചിമുറിയിൽ ഫ്ലഷടിച്ച് ഒഴുക്കിക്കളഞ്ഞതായി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് പ്ലംബറുടെ സഹായത്തോടെ മോതിരം വീണ്ടെടുത്തത്.
