എറണാകുളം: അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കത്തിൽ നടപടി ആരംഭിച്ച് സിറോ മലബാർ സഭ. തർക്കത്തെ തുടർന്ന് പൂട്ടിയ എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ വികാരിയെ സ്ഥലംമാറ്റി. ഫാ. ആന്റണി നരിക്കുളത്തെ മുഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്കാണ് മാറ്റിയത്. ഫാ. ആന്റണി പുതവേലിയെയാണ് പുതിയ വികാരിയായി നിയമിച്ചിരിക്കുന്നത്.
സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റേതാണ് ഉത്തരവ്. ചുമതല ഉടന്‍ കൈമാറണമെന്നും നരിക്കുളത്തിന് നല്‍കിയ ഉത്തരവില്‍ പറയുന്നു. ഇന്ന് തന്നെ ചുമതല ഒഴിയണമെന്നും ജൂലായ് ഒമ്പതിനകം മൂഴിക്കുളത്ത് ചുമതലയേല്‍ക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കത്തീഡ്രലിൽ ഏകീകൃത കുർബാന വേണമെന്ന സിനഡ് നിർദ്ദേശം പാലിക്കാത്തതിനാലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. അതേസമയം, നടപടിക്കെതിരെ പ്രതിഷേധിക്കുമെന്ന് വിമത വിഭാഗം അറിയിച്ചു.
