തിരൂർ ∙ നേന്ത്രപ്പഴത്തിനു തമിഴ്നാട് സംഘം വിലകൂട്ടാൻ നോക്കിയപ്പോൾ ലാഭം മലയാളികളായ കർഷകർക്ക്. ചെറുകിട വ്യാപാരികൾ 58 രൂപ വിലയിട്ടാണു നേന്ത്രപ്പഴം ഇപ്പോൾ വിൽക്കുന്നത്. സമീപകാലത്തെ കൂടിയ വിലയാണിത്. മേട്ടുപ്പാളയം അടക്കമുള്ള തമിഴ്നാട് ഭാഗങ്ങളിൽനിന്നാണു പൊതുവേ മൊത്തവിതരണക്കാർ പഴം എടുത്തിരുന്നത്. ഇതിനിടെ മഴ പെയ്തെന്നും കൃഷി സ്ഥലത്തേക്കു വണ്ടി എത്തിക്കാൻ കഴിയുന്നില്ലെന്നും വിളവു കുറഞ്ഞെന്നുമെല്ലാം അറിയിച്ച് തമിഴ്നാട്ടിലെ ഇടനിലസംഘം പഴത്തിനു വില വർധിപ്പിച്ചു. ആ സമയത്ത് 45 രൂപ വരെ വിലയിട്ടാണ് ഇവർ മൊത്തവിതരണക്കാർക്കു പഴമെത്തിച്ചിരുന്നത്.
അതു ചെറുകിട കച്ചവടക്കാർ 53 രൂപ വരെ വിലയിട്ടു വിറ്റു. എന്നാൽ നാട്ടിലും പഴം കൂടുതലായി വിളവെടുത്തു തുടങ്ങിയതോടെ മൊത്തവിതരണക്കാർ തമിഴ്നാട്ടിലെ പഴം വേണ്ടെന്നു വച്ചു. ഇതോടെ ലാഭം നാട്ടിലെ കർഷകർക്കായി. തലപ്പാറയിൽനിന്നാണു നിലവിൽ മൊത്തക്കച്ചവടക്കാർ പഴം കൂടുതലായി എടുക്കുന്നത്. ചെറുകിട കച്ചവടക്കാർ നാട്ടിലെ കൃഷിസ്ഥലങ്ങളിൽ നിന്നുള്ള പഴവും വാങ്ങിത്തുടങ്ങി. ഇതോടെ വില കൂട്ടിയ തമിഴ്നാട്ടുകാർ കുടുങ്ങി. നിലവിൽ കർഷകനു 46 രൂപ വരെ വില കിട്ടുന്ന സ്ഥിതിയെത്തിയെന്നാണു കച്ചവടക്കാർ പറയുന്നത്. ഇനി വയനാട്ടിൽ നിന്നുള്ള പഴം എത്തിത്തുടങ്ങും. ആ സീസൺ കഴിയുന്നതോടെ മണ്ണാർക്കാട് ഭാഗത്തുനിന്നാണു പഴമെത്തുക. പിന്നെയതു വീണ്ടും തമിഴ്നാട്ടിൽ നിന്നാകും.