കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേർ’ സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. കല്ലിൽ കൊത്തിവെച്ച ശിൽപങ്ങൾ പോലെയാണ് പ്രധാന കഥാപാത്രങ്ങളെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചോരചിന്തുന്ന പോരാട്ട വീര്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിൽ മൂവർക്കുമുള്ളതെന്നാണ് സൂചന. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ ആക്ഷൻ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ത്രില്ലർ ചിത്രമായതിനാൽ തന്നെ ‘ചാവേർ’ പ്രഖ്യാപനം മുതൽ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. മാത്രമല്ല ടിനുവും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും. അശോകൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചാക്കോച്ചനെത്തുന്നത്.
സിനിമയുടേതായി കുറച്ചുനാള്‍ മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റിൽ പോസ്റ്ററും ടീസറും ഏറെ ചർച്ചയായിരുന്നു. അടുത്തിടെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള ചാക്കോച്ചൻ ചാവേറിലും കട്ട ലോക്കൽ ലുക്കിലാണെത്തുന്നതെന്നതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലുമാണ്.
നടനും സംവിധായകനുമായ ജോയ് മാത്യു ‘അങ്കിളി’ന് ശേഷം തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്‌ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ., സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ: അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പിആർഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.