കൊച്ചി ∙ഒരാഴ്ചയ്ക്കിടെ ജില്ലയിലാകെ 7426 പേർ പനി ബാധിതരായി ചികിത്സ തേടിയപ്പോൾ 241 പേരെ കിടത്തിച്ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 417 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണു ചികിത്സ തേടിയത്. ഡെങ്കിപ്പനി സംബന്ധിച്ച് ആരോഗ്യവകുപ്പ് തയാറാക്കിയ ഹോട്സ്പോട്ട് പട്ടികയിൽ ജില്ലയിൽ നിന്നു തൃക്കാക്കര, കൊച്ചി കോർപറേഷൻ, ചൂർണിക്കര, വാഴക്കുളം, പെരുമ്പാവൂർ, മൂക്കന്നൂർ, പായിപ്ര, തൃപ്പൂണിത്തുറ, എടത്തല എന്നീ മേഖലകൾ ഉൾപ്പെട്ടു. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്താണ് ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
ഡെങ്കിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ ജില്ലയിൽ 9 പേരാണു മരിച്ചത്. പനിക്കണക്കിൽ എറണാകുളത്തെക്കാൾ മുന്നിലുള്ളത് മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ്. പനിബാധിതരായിട്ടും വീടുകളിൽ സ്വയംചികിത്സയുമായി കഴിയുന്നവർ ഏറെയാണ്. പനി, ജലദോഷം, ചുമ, തലവേദന, പേശിവേദന, സന്ധിവേദന എന്നിവ ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണങ്ങളായതിനാൽ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.