പാരീസ്: ഫ്രാൻസിലെ പ്രതിഷേധങ്ങളിൽ 719 പേർ കൂടി അറസ്റ്റിലായി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞത് പ്രതിഷേധം ശമിക്കുന്നതിന്റെ സൂചനയാണെന്നു കരുതുന്നു.
പാരീസ്, മാഴ്സെ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. പാരീസ് നഗരപ്രാന്തത്തിലെ ലൈ ലേ റോസ് പട്ടണത്തിൽ മേയറുടെ വസതിയിലേക്കു പ്രതിഷേധക്കാർ കാറിടിച്ചുകയറ്റി. തുടർന്ന് വസതിക്കു തീവച്ചു.
മേയറുടെ ഭാര്യയും രണ്ടു കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യക്കും ഒരു കുട്ടിക്കും പരിക്കുണ്ടെന്നു മേയർ വിൻസെന്റ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പാരീസിൽ പതിനേഴുകാരനെ ട്രാഫിക് പോലീസ് കാർ തടഞ്ഞുനിർത്തി വെടിവച്ചുകൊന്നതിൽ പ്രതിഷേധിക്കുന്ന ജനക്കൂട്ടങ്ങൾ വലിയ അക്രമമാണു തെരുവിൽ നടത്തുന്നത്.
കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും തോക്കുകട അടക്കം വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഇന്നലത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 1300ലധികം പേരാണ് അറസ്റ്റിലായത്.
