ഹരിപ്പാട്: ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 55,000 രൂപയും സി. സി.ടി.വിയുടെ ഡി.വി.ആറും വൈ-ഫൈ മോഡവും കവര്‍ന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസിനത്തില്‍ ലഭിച്ച തുകയാണ് മോഷണം പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
രണ്ടു ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്നലെ രാവിലെ അധ്യാപകര്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്‌കൂളിന്റെ മുകളിലത്തെ നിലയിലേക്ക് കയറുന്ന ഭാഗത്തെ ഷട്ടറും മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുറിയും കുത്തിത്തുറന്ന നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധിച്ചു.
പോലീസ് നായ മണം പിടിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് വരെയെത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ നിന്നും മോട്ടോറും പൈപ്പും മറ്റു സാമഗ്രികളും മോഷണം പോയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.