പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിൽ 543 സീറ്റുകൾ ബാക്കി.9860 സീറ്റുകളിലേക്കാണ് ഏകജാലക പ്രവേശന നടപടികൾ നടത്തിയത്. ഇതിൽ 9317 സീറ്റുകളിലും അലോട്ട്‌മെന്റായിട്ടുണ്ട്. 14024 അപേക്ഷകരാണ് ജില്ലയിൽ ഉണ്ടായിരുന്നത്.
മൂന്നാം അലോട്ട്‌മെന്റിൽ 2201 പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. 935 പേർക്ക് ഹയർ ഓപ്ഷൻ അനുവദിച്ചു. മൂന്നാം അലോട്ട്‌മെന്റിന്റെ പ്രവേശന നടപടികൾ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട അലോട്ട്‌മെന്റിനുശേഷം 2772 സീറ്റുകളായിരുന്നു ബാക്കി ഉണ്ടായിരുന്നത്. രണ്ട് പ്രധാന അലോട്ട്‌മെന്റുകളിലായി 7116 പേർ പ്രവേശനം നേടി. ഇതിൽ 5067 പേർ സ്ഥിര പ്രവേശനവും 2049 പേർ താത്കാലിക പ്രവേശനവുമാണ് നേടിയത്. പ്രധാന അലോട്ട്‌മെന്റ് ഇതോടെ അവസാനിക്കും. ഇത്തവണ ചേരുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടാനാണ് നിർദേശം.