കടയ്ക്കാവൂർ: കുടുംബത്തിൽ മൂത്ത മകനായ തനിക്ക് വിവാഹം ആലോചിക്കാതെ ഇളയ സഹോദരൻ്റെ വിവാഹം നടത്തിക്കൊടുത്തതിൻ്റെ പേരിൽ യുവാവ് അക്രമാസക്തനായി ബന്ധുക്കളെ ആക്രമിച്ചു. സ്വന്തം അമ്മയേയും അമ്മൂമ്മയേയും ആക്രമിച്ച യുവാവ് പൊലീസ് പിടിയിലായി. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തത്. അമ്മ ബേബിയേയും അമ്മൂമ്മ ഗോമതിയേയുമാണ് യുവാവ് ആക്രമിച്ചത്.
അമ്മയായ ബേബി, ഇയാളുടെ വിവാഹം നടത്തിക്കൊടുക്കാതെ അനുജൻ്റെ വിവാഹം നടത്തിക്കൊടുക്കുകയലായിരുന്നു. വിഷ്ണുവിൻ്റെ വിവാഹ കാര്യത്തെക്കുറിച്ച് സംസാരിക്കുകയോ വിവാഹം ആലോചിക്കുകയോ ചെയ്യാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. അമ്മയാണ് അനുജൻ്റെ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടു നിന്നതെന്ന് ആരോപിച്ചായിരുന്നു വിഷ്ണു അവരെ ആക്രമിച്ചത്. വീട്ടിൽ കടന്നുകയറി ബേബിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
ബേബിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുന്നതിനിടെ ബേബിയുടെ മാതാവ് ഗോമതി ഇടയ്ക്കു കയറി തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ വിഷ്ണു ഗോമതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് വിഷ്ണു അക്രമം മതിയാക്കിയത്. നാട്ടുകാരെ കണ്ട് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്.