കഞ്ചാവ് കടത്തിയത് കെഎസ്ആർടിസി ബസിൽ : കൊല്ലത്ത് ഹോൾസെയിൽ ഡീലറും സഹായികളും പോലീസ് പിടിയിൽ

കൊല്ലം: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ കേസിൽ മൊത്ത വിതരണക്കാരനും സഹായികളും അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണക്കാരനും സഹായികളും പിടിയിലായത്.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷോൾഡർ ബാഗുകളിൽ ഒതുക്കം ചെയ്ത നിലയിൽ 13.2 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു.
ചിന്നക്കട ഉണ്ണി എന്ന് വിളിക്കുന്ന അനിൽകുമാർ, കരുനാഗപ്പള്ളി നീണ്ടകര സ്വദേശി സുരേഷ്, വടക്കേവിള സ്വദേശി സുനു എന്ന് വിളിക്കുന്ന ആകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ആന്ധ്രാപ്രദേശിലേയ്ക്ക് പോയി കഞ്ചാവ് വാങ്ങിയ ശേഷം തിരുവനന്തപുരത്ത് എത്തി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ കൊല്ലത്തേയ്ക്ക് വരുന്ന വഴിയാണ് പിടിയിലായത്.
ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സുരേഷ് എന്നിവർ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. സൈബർ സെൽ സഹായത്തോടെ പ്രതികളുടെ അന്തർസംസ്ഥാന ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു.
സംഘത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിനൊപ്പം എക്‌സൈസ് ഇൻസ്പെക്ടർ വിഷ്ണു ബി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ എം മനോജ് ലാൽ, പ്രിവന്റീവ് ഓഫീസർ പ്രസാദ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, അജീഷ്ബാബു, അനീഷ്, സൂരജ്, ഗോപകുമാർ, എക്‌സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *