രാജസ്ഥാൻ: രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ മേരാഗർ ഗ്രാമത്തിൽ ഒരിക്കൽ പാമ്പുകടിയേറ്റ് രക്ഷപ്പെട്ടയാൾ അഞ്ചാംനാൾ വീണ്ടും പാമ്പുകടിയേറ്റു മരിച്ചു. 44കാരനായ ജസബ് ഖാന് ജൂൺ 20നാണ് പാമ്പുകടിയേറ്റത്. തുടർന്ന് നാലു ദിവസം പൊഖ്രാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജസബ് ഖാൻ. ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ ജസബ് ഖാന് ജൂണ്‍ 26ന് വീണ്ടും പാമ്പുകടിയേറ്റു. ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
രാജസ്ഥാനിലെ മരുഭൂമി പ്രദേശത്തു കാണുന്ന പ്രത്യേകയിനം വിഷപ്പാമ്പാണ് തന്നെ രണ്ടുതവണയും കടിച്ചതെന്ന് ജസബ് ഖാൻ പറഞ്ഞിരുന്നു. അസ്വാഭാവികതയുള്ളതിനാൽ ജസബ് ഖാന്റെ മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് ഭനിയാന പൊലീസ് വ്യക്തമാക്കി.
ജൂൺ 20ന് കണങ്കാലിനാണ് ജസബ് ഖാന് ആദ്യമായി പാമ്പിന്റെ കടിയേറ്റത്. പൊഖ്രാനിലെ ആശുപത്രിവാസത്തിനുശേഷം ജൂൺ 25ന് അദ്ദേഹം തിരികെ വീട്ടിലെത്തി. പിറ്റേ ദിവസം മറ്റേകാലിൽ ജസബ് ഖാന് വീണ്ടും പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.
ആദ്യത്തെ തവണയുണ്ടായ പാമ്പുകടിയിൽനിന്നു രക്ഷപ്പെട്ട് സുഖംപ്രാപിച്ചു വരുന്നതിനിടെയാണ് ജസബ് ഖാന് രണ്ടാമതും പാമ്പുകടിയേറ്റത്. അതുകൊണ്ടാണു വിഷം അതിജീവിക്കാൻ സാധിക്കാതിരുന്നതെന്നു ഡോക്ടർമാർ അറിയിച്ചു. അഞ്ചു മക്കളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് ജസബിന്റെ കുടുംബം. അദ്ദേഹത്തിന്റെ മരണത്തിനു കാരണമായ പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നു.