ആലപ്പുഴ: എഐ ക്യാമറയെ കബളിപ്പിക്കാന്‍ നമ്പര്‍ പ്ലേറ്റ് ഗ്രീസ് കൊണ്ട് മറച്ച ട്രെയ്ലര് ലോറി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് വാഹനങ്ങളും കയറ്റി വന്ന ട്രെയ്‌ലറാണ് ആലപ്പുഴ ബൈപാസില്‍ വച്ച് പിടികൂടിയത്. കൊമ്മാടി ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനം നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ സിഗ്നല്‍ നല്‍കിയെങ്കിലും ട്രെയ്ലര് നിര്‍ത്താതെ പോയി.
ഇതോടെ കളര്‍കോട് വച്ച് എംവിഡിയുടെ വാഹനം കുറുകെയിട്ട് ഉദ്യോഗസ്ഥര്‍ തടഞ്ഞു.കറുത്ത നിറത്തിലുള്ള ഗ്രീസാണ് നമ്പര്‍ പ്ലേറ്റില്‍ അടിച്ചുവച്ചത്. ഇത് നീക്കിച്ച ഉദ്യോഗസ്ഥര്‍ 6000 രൂപയും പിഴ ഇടാക്കി.
ഇതേ ട്രെയ്ലര് മുന്‍പ രണ്ട് തവണ നിയമലംഘനം നടത്തിയതിന് നോട്ടിസ് ലഭിച്ചിട്ടും പിഴയൊടുക്കിയിരുന്നില്ല. തുടര്‍ന്നു പരിശോധന കര്‍ശനമാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലെയ്ന്‍ ട്രാഫിക് ലംഘനം നടത്തുമ്പോള്‍ തിരിച്ചറിയപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.
