തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിന്‍റെ ചയാപചയത്തെയും വളര്‍ച്ചയെയുമെല്ലാം സ്വാധീനിക്കുന്നു. തൈറോയ്ഡിന്‍റെ ഉത്പാദനം ആവശ്യത്തിന് നടക്കാതെ വരുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. തൈറോയ്ഡ് തകരാര്‍ കൃത്യസമയത്ത് തിരിച്ചറിയേണ്ടതും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.
1. ഭാരവര്‍ധന
പെട്ടെന്ന് ശരീരഭാരത്തിലുണ്ടാകുന്ന വര്‍ധന ഹൈപോതൈറോയ്ഡിസത്തിന്‍റെ ലക്ഷണമാണ്. തൈറോയ്ഡ് തോത് കുറവായതിനെ തുടര്‍ന്ന് ചയാപചയം മന്ദഗതിയിലാകുന്നതാണ് ഭാരവര്‍ധനവിലേക്ക് നയിക്കുന്നത്.
2. മുടികൊഴിച്ചില്‍
ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉൽപാദിപ്പിക്കാതെ വരുന്നത് മുടി കൊഴിയാനും നേര്‍ത്തതാകാനും ഇടയാക്കും. കൊഴിഞ്ഞ മുടി വീണ്ടും വളരുന്നതിന്‍റെ നിരക്കും ഇതു മൂലം കുറയും.
3. വരണ്ട ചര്‍മം
വരണ്ട ചര്‍മം, ചൊറിച്ചില്‍ എന്നിവയും ഹൈപോതൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങളാണ്. ചര്‍മത്തിന്‍റെ ആരോഗ്യത്തിലും ജലാംശം നിലനിര്‍ത്തുന്നതിലും തൈറോയ്ഡ് ഹോര്‍മോണ്‍ പ്രധാന പങ്ക് വഹിക്കുന്നു.
4. മലബന്ധം
ഹൈപോതൈറോയ്ഡിസം ദഹനപ്രക്രിയയുടെ വേഗം കുറയ്ക്കുന്നത് മലബന്ധത്തിലേക്കും വയര്‍ വേദന അടക്കമുള്ള പ്രശ്നങ്ങളിലേക്കും നയിക്കും.
5. തണുപ്പ്
ചൂട് കാലാവസ്ഥയിലും ഹൈപോതൈറോയ്ഡിസം ഉള്ളവര്‍ക്ക് തണുപ്പ് തോന്നും. ശരീരോഷ്മാവിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന തൈറോയ്ഡ് ഹോര്‍മോണിന്‍റെ താളം തെറ്റുന്നതാണ് ഈയവസ്ഥയ്ക്ക് കാരണമാകുന്നത്.
6. വിഷാദരോഗം, ദേഷ്യം
വിഷാദരോഗം, ദേഷ്യം, മൂഡ് മാറ്റങ്ങള്‍ എന്നിവയെല്ലാം ഹൈപോതൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങളാണ്.
7. പേശികള്‍ക്ക് ദൗര്‍ബല്യം
പേശികള്‍ക്ക് ഉണ്ടാകുന്ന ദൗര്‍ബല്യം, വേദന, കാഠിന്യം എന്നിവയെല്ലാം ഹൈപോതൈറോയ്ഡിസവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.