ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മണിപ്പൂരിലെ സ്ഥിതിഗതികള്‍ക്ക് അനുകമ്പയാണ് ആവശ്യം. ഒരു രാഷ്ട്രീയ നേതാവ് വന്ന് നിലവിലുള്ള ഭിന്നതകള്‍ വര്‍ദ്ധിപ്പിക്കുന്നതല്ല.
മണിപ്പൂരിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളാണ്. രാഹുല്‍ ഗാന്ധിയുടേത് പോലുള്ള പകല്‍ സന്ദര്‍ശനങ്ങള്‍ നല്ല ഫലം നല്‍കില്ലെന്നും ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനം ‘വെറും മാധ്യമ പ്രചരണം’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘അദ്ദേഹം (രാഹുല്‍ ഗാന്ധി) മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത് ഒരു ദിവസത്തേക്കാണ്. ഇത് മാധ്യമങ്ങള്‍ക്കായുള്ള പ്രചരണമല്ലാതെ മറ്റൊന്നുമല്ല. ഇത്തരമൊരു സന്ദര്‍ശനത്തില്‍ നിന്ന് ഒരു ഫലവും ഉണ്ടാകില്ല. മണിപ്പൂര്‍ ‘ദുരന്തമായ സാഹചര്യം’ അഭിമുഖീകരിക്കുകയാണെന്നും അത് മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്. മണിപ്പൂരിലെ സാഹചര്യം അനുകമ്പയിലൂടെ ഭിന്നതകള്‍ പരിഹരിക്കാനാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ രണ്ട് സമുദായങ്ങളും ഇത്തരം ശ്രമങ്ങളെ വ്യക്തമായി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
രാഹുലിന്റെ വാഹനവ്യൂഹം പൊലീസ് കഴിഞ്ഞ ദിവസം പാതിവഴിയില്‍ തടഞ്ഞിരുന്നു. ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തിരിച്ചതായിരുന്നു രാഹുല്‍ ഗാന്ധി. തുടര്‍ന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഹെലികോപ്റ്ററില്‍ പോകേണ്ടി വന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം തടയാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതോടെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞത് രാഷ്ട്രീയ ചേരിതിരിവിന് കാരണമായി .