മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്ന. മണ്‍സൂണ്‍ മുന്നൊരുക്കത്തിലും വെള്ളപ്പൊക്കം ശരിയായി കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അഴിമതി കാരണം നഗരം മുങ്ങിയെന്നും പത്രത്തിന്റെ എഡിറ്റോറിയലില്‍ വിമര്‍ശിച്ചു.
ബിജെപിയുടെയും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഭരണത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബില്‍ഡര്‍മാരുടെയും കരാറുകാരുടെയും നിയന്ത്രണത്തിലായെന്നും സാമ്ന പറഞ്ഞു. ശിവസേനയുടെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതൃത്വത്തിലുള്ള മറാത്തി പത്രമാണ് സാമ്ന. ബിജെപി വ്യാപാരികളുടെയും കരാറുകാരുടെയും പാര്‍ട്ടിയാണ്. മുംബൈ നഗരവുമായും മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും അവര്‍ക്ക് യാതൊരു വൈകാരിക ബന്ധമില്ലെന്നും അതിനാലാണ് നഗരത്തിലെ സ്ഥിതിഗതിയെക്കുറിച്ച് അവര്‍ക്ക് ആശങ്കയില്ലാത്തതെന്നും എഡിറ്റോറിയല്‍ പറഞ്ഞു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച നഗരത്തിലെ ഡ്രെയിനേജ് സംവിധാനം കാലഹരണപ്പെട്ടെന്നും ഇങ്ങനെ പോയാല്‍ മുംബൈ ജോഷിമഠായി മാറാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നും എന്ന് സാമ്‌ന എഡിറ്റോറിയല്‍ പ്രസ്താവിച്ചു.ജനപ്രതിനിധികളുടെ അഭാവത്തില്‍ തന്നെ മുംബൈയിലെ റോഡുകളും അഴുക്കുചാലുകളും വൃത്തിയാക്കിയെന്നും, എന്നാല്‍ ആദ്യ മഴയില്‍ തന്നെ മുംബൈ വെള്ളത്തില്‍ മുങ്ങി ജനങ്ങള്‍ ബുദ്ധിമുട്ടിലായെന്നും എഡിറ്റോറിയല്‍ പറയുന്നു.
മണ്‍സൂണ്‍ മാനേജ്മെന്റിനെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പുറമേ, മുംബൈയില്‍ 400 കിലോമീറ്റര്‍ നീളമുള്ള റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 6,000 കോടി രൂപയുടെ വലിയ അഴിമതി നടന്നതായും എഡിറ്റോറിയല്‍ ആരോപിച്ചു. ഈ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ലഭിച്ച അഞ്ച് കമ്പനികളുടെയും പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്നും കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിന് നേരെ കണ്ണടച്ചിരിക്കുകയാണെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.