ലുസെയ്ന്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് ജേതാവ് നീരജ് ചോപ്രയ്ക്കും മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കറിനും ഇന്ന് നിര്‍ണായക മത്സരം. വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍ മികച്ച ഫോമിലുള്ള എം ശ്രീശങ്കറാണ് ആദ്യം പങ്കെടുക്കുക. ഏതാനും മിനിറ്റുകള്‍ക്ക് ശേഷമായിരിക്കും നീരജ് ചോപ്രയുടെ മത്സരം. പരിക്കിനെ തുര്‍ന്ന് ഒരു മാസത്തോളം വിശ്രമത്തിലിരുന്നതിന് ശേഷമാണ് ലോക ഒന്നാം നമ്പറുകാരനായ നീരജ് എത്തുന്നത്.
കഴിഞ്ഞ മാസം നടന്ന വിദേശ പരിശീലനത്തിനിടെയായിരുന്നു ഇരുപത്തിയഞ്ചുകാരനായ നീരജിന് പരിക്കേറ്റത്. മെയ് അഞ്ചിന് ദോഹയില്‍ ടോപ് പോഡിയം ഫിനിഷ് നടത്തി താരം ഡയമണ്ട് ലീഗ് സീസണിന് മികച്ച തുടക്കം നടത്തിയിരുന്നു. 88.67 മീറ്റര്‍ എറിഞ്ഞ് കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ത്രോയുമായാണ് നീരജ് ഫിനിഷ് ചെയ്തത്. ഇതിന് ശേഷമായിരുന്നു താരത്തിന് പേശീവലിവ് അനുഭവപ്പെട്ടത്.
തുടര്‍ന്ന് ജൂണ്‍ നാലിന് നെതര്‍ലന്‍ഡ്‌സില്‍ നടന്ന എഫ്ബികെ ഗെയിംസിലും 13ന് നടന്ന ഫിന്‍ലന്‍ഡ് പാവോനൂര്‍മി മീറ്റിലും നീരജിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഭുവനേശ്വറില്‍ നടന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് മീറ്റിലും പിന്നീട് ഏഷ്യന്‍ അത്‌ലറ്റിക്‌സിനുള്ള 54 അംഗ ഇന്ത്യന്‍ ടീമിലും താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഡയമണ്ട് ലീഗിലെ ലുസെയ്ന്‍ ലെഗില്‍ തന്റെ തുടര്‍ച്ചയായ രണ്ടാം പോഡിയം ഫിനിഷ് തേടിയാണ് താരം ഇറങ്ങുന്നത്.
അതേസമയം, ഈ മാസം ആദ്യം നടന്ന പാരീസ് ഡയമണ്ട് ലീഗില്‍ 8.09 മീറ്റര്‍ ചാടി മൂന്നാമതെത്തിയ ശ്രീശങ്കര്‍ മികച്ച ഫോമിലാണ്. തന്റെ രണ്ടാം പോഡിയം ഫിനിഷ് രേഖപ്പെടുത്താനാണ് താരം ലുസെയ്‌നിലേക്ക് എത്തുന്നത്. ഡയമണ്ട് ലീഗില്‍ ജംപ് ഇനങ്ങളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. ഈ മാസം ആദ്യം നടന്ന ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 8.41 മീറ്റര്‍ ചാടി സ്വര്‍ണം നേടിയാണ് 24 കാരനായ ശ്രീശങ്കര്‍ ലുസെയ്ന്‍ ഡയമണ്ട് ലീഗിലേക്ക് വരുന്നത്. ദേശീയ റെക്കോര്‍ഡായ 8.42 മീറ്ററില്‍ നിന്ന് ഒരു സെന്റിമീറ്റര്‍ മാത്രം അകലെയാണ് താരം. ജെസ്വിന്‍ ആല്‍ഡ്രിന്റെ പേരിലാണ് ആ റെക്കോര്‍ഡ്.
