പുല്‍പള്ളി-സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസുകുട്ടി റിമാന്റില്‍. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്(രണ്ട്)ബാങ്ക് മുന്‍ ഡയറക്ടറുമായ പൗലോസുകുട്ടിയെ രണ്ടാഴ്ചത്തേക്ക്  മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റ്  ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കു ആലൂര്‍ക്കുന്നിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പൗലോസുകുട്ടിയുടെ അറസ്റ്റ്
വൈകുന്നേരമാണ് രേഖപ്പെടുത്തിയത്. ഇന്നു രാവിലെ 11 ഓടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
കേളക്കവല പറമ്പക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്  പൗലോസുകുട്ടിയെ അറസ്റ്റുചെയ്തത്. ഇതേ കേസിലെ പ്രതികളില്‍ ബാങ്ക് മുന്‍ പ്രസിഡന്റും രാജിവച്ച കെ.പി.സി.സി ജനറല്‍ സെക്ട്രട്ടറിയുമായ കെ.കെ.അബ്രഹാം, ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവി എന്നിവര്‍ എന്നിവര്‍ ജില്ലാ ജയിലില്‍ റിമാന്റിലാണ്. ബാങ്ക് അധികാരികളായിരുന്നവര്‍ വ്യാജരേഖകള്‍ ചമച്ച് തങ്ങളുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ വായ്പയെടുത്തെന്ന ഡാനിയേല്‍ ദമ്പതികളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്രഹാമിനും രമാദേവിക്കും പുറമേ പുല്‍പള്ളിയിലെ കരാറുകാരന്‍ കൊല്ലപ്പള്ളി സജീവനെയുമാണ്  ആദ്യം പ്രതിചേര്‍ത്തത്. പിന്നീട് പൗലോസുകുട്ടിയെയും ഉള്‍പ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ക്കു അവരറിയാതെ വായ്പ അനുവദിക്കുന്നതിനു ശിപാര്‍ശ ചെയ്തതും പണയവസ്തുവിന്റെ മൂല്യനിര്‍ണം നടത്തിയതും പൗലോസുകുട്ടിയാണെന്നാണ് പോലീസ് ഭാഷ്യം.
ബാങ്ക്  വായ്പ ഇടപാടുമായി ബന്ധപ്പെട്ട് പൗലോസുകുട്ടിക്കെതിരെ സഹോദരന്റെ ഭാര്യ ദീപ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് ഷാജിയുടെ പേരില്‍ വായ്പയെടുത്തു കബളിപ്പിച്ചുവെന്നായിരുന്നു  ദീപയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസില്‍ പൗലോസുകുട്ടിക്ക് ജില്ലാ കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡാനിയേല്‍ ദമ്പതികളുടെ പരാതിപ്രകാരമുള്ള കേസില്‍ അറസ്റ്റുചെയ്തത്.
കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ രാജേന്ദ്രന്‍ നായര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടും അബ്രഹാമിനും രമാദേവിക്കും കൊല്ലപ്പള്ളി സജീവനും എതിരെ കേസുണ്ട്. ഈ കേസില്‍ അബ്രഹാമിനും രമാദേവിക്കും  ജില്ലാ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. സജീവന്‍ കൊല്ലപ്പള്ളി ഒളിവിലാണ്. ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസില്‍  അബ്രഹാമിന്റെ ജാമ്യപേക്ഷ ഹൈക്കോടതി ഇന്നു പഗിഗണിച്ചശേഷം വെള്ളിയാഴ്ചത്തേക്കു മാറ്റി. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും രമാദേവി ഹൈക്കോടതിയെ സമീപിച്ചിട്ടില്ല.
2023 June 30KeralaBank FraudPulpallycongressremandടി.എം ജെയിംസ് title_en: Pulpally block congress president remanded in bank fraud case

By admin

Leave a Reply

Your email address will not be published. Required fields are marked *