കോട്ടയം: കന്യാസ്ത്രീകള്‍ക്കും അധ്യാപകർക്കും ജനപ്രതിനിധികൾക്കുമൊപ്പം പൊതുപരിപാടിയില്‍ മനോഹര നൃത്തച്ചുവടുകളുമായി മന്ത്രി ആർ ബിന്ദു.
കോട്ടയം എലിക്കുളത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടകയായെത്തിയപ്പോഴായിരുന്നു ‘പാലാപള്ളി തിരുപള്ളി’ ഗാനത്തിന് ചുവടുകൾ വച്ച് മന്ത്രി ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്കൊപ്പം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റും, മെമ്പർമാരും, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് മെമ്പർമാരും, വയോജനങ്ങളും, ഭിന്ന ശേഷിക്കാരും, ഫാ. റോയി വടക്കേലും, എലിക്കുളം സെറിനിറ്റി ഹോം മഠത്തിലെ കന്യാസ്ത്രീമാരും ഒത്തുചേർന്നപ്പോൾ ചടങ്ങ് വലിയ ആഘോഷമായി.
അരയ്ക്ക് താഴോട്ട് തളര്‍ന്ന് പോയവരടക്കം ശാരീരിക പരിമിതികള്‍ മൂലം വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവര്‍ക്കായാണ് ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് സംഘടിപ്പിച്ചത്.
പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍പ്പെടുത്തിയാണ് ട്രൂപ്പിനുളള സംഗീത ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി കലാകാരന്‍മാര്‍ക്കായി സംഗീത ട്രൂപ്പ് സംഘടിപ്പിക്കുന്നത്.
വീഡിയോ കടപ്പാട്: കാഞ്ഞിരപ്പള്ളി ന്യൂസ്