കോട്ടയം: കോട്ടയം നഗരത്തിൽ പഴം, പച്ചക്കറി വ്യാപരത്തിന്റെ മറവിൽ മയക്കുമരുന്നു കച്ചവടം നടത്തിയ ആസാം സ്വദേശി നാല് ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി പിടിയിൽ. ആസാം സോണിപൂർ സ്വദേശി രാജ്കൂൾ ആലമാണ് (33) പിടിയിലായത്. കോട്ടയത്ത് എക്സൈസ് ആണ് പിടികൂടിയത്.
യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കിയാണ് ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്. 78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടെയ്നറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 100 മില്ലിഗ്രാമിന് 5,000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇയാളെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
