ചെങ്ങന്നൂര്‍: കൊല്ലകടവ് ചെറുവല്ലൂര്‍ സ്വദേശിയെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിപ്പരുക്കേല്‍പിച്ച കേസിലെ പ്രതി 20 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റില്‍. കൊല്ലം ചാത്തന്നൂര്‍ വിരിഞ്ഞം കരയില്‍ ചരുവിള പുത്തന്‍വീട്ടില്‍ രമേശനെ(40)യാണ് വെണ്‍മണി പോലീസ് അറസ്റ്റു ചെയ്തത്.
2003ല്‍ വെണ്‍മണി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയായ ഇയാളെ കോടതി 2006ലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അറസ്റ്റിലായി റിമാന്‍ഡിലായിരിക്കേ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ പല പേരുകളിലും വിലാസത്തിലും ഒളിവില്‍ കഴിയുകയായിരുന്നു. ചാത്തന്നൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ താമസം മാറി കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാറി മാറി താമസിച്ചു.
കൊല്ലം പരവൂര്‍ പൂതക്കുളം ഭാഗത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയും ഇയാളുടെ സഹോദരനുമായ അജേഷ് കൊല്ലം ജില്ലാ ജയിലിലാണ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്.പി: എം.കെ.ബിനുകുമാര്‍, എസ്.എച്ച്.ഒ: എ.നസീര്‍, സി.പി.ഒമാരായ വിവേക്, അഭിലാഷ്, അനൂപ് ജി. ഗംഗ, രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.