ചങ്ങനാശേരി: കഞ്ചാവുമായി തിരുവല്ല കവിയൂർ സ്വദേശിയായ നഴ്സ് പിടിയിൽ. ചില്ലറ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായി പത്തനംതിട്ട തിരുവല്ല കവിയൂർ ഭാഗത്ത് വടശ്ശേരി മലയിൽ വീട്ടിൽ മജേഷാ(43)ണ് പിടിയിലായത്.
1.070 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 1300 രൂപയും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. ഇയാൾ ഗൾഫിൽ നഴ്സിംഗ് ജോലി നോക്കി വരികയായിരുന്നു. മൂന്നുവർഷം മുമ്പ് ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഇയാൾ കഞ്ചാവ് ഉപയോഗത്തിലേക്കും വില്പനയിലേക്കും തിരിയുകയായിരുന്നു.
കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളിൽ ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നു. യുവാക്കൾക്കിടയിൽ കഞ്ചാവ് എത്തിച്ചിരുന്ന പ്രധാനയാളാണ് വലയിലായതെന്നും അയാൾ പല സ്ഥലങ്ങളിൽ ലഹരി മരുന്ന് കേസിൽ പിടിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും എക്സൈസ് സിഐ പറഞ്ഞു.
മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി പ്രഖ്യാപിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചങ്ങനാശ്ശേരി കറുകച്ചാൽ ശാന്തിപുരം ഭാഗത്ത് നിന്നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ് ബിനുവും സംഘവും ചേർന്ന് പ്രതികളെ പിടികൂടിയത്.