തൃശൂർ : ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ചന്ദ്രശേഖരനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് ചന്ദ്രശേഖരൻ കൊലപ്പെടുത്തിയത്.
ഗുരുവായൂർ ചൂൽപ്പുറത്താണ് വയനാട് സ്വദേശിയായ ചന്ദ്രശേഖരൻ താമസിച്ചിരുന്നത്. ജൂൺ 12-നാണ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ലോഡ്ജില്‍ ചന്ദ്രശേഖരൻ മക്കളുമായി റൂമെടുത്തത്. പിറ്റേന്ന് രണ്ടു മണിക്ക് ചെക്ക് ഔട്ട് ചെയ്യേണ്ട ഇവർ മുറി തുറക്കാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് രണ്ടു കുട്ടികളെ മരിച്ച നിലയിലും ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്.
ആത്മഹത്യക്ക് ശ്രമിച്ച ചന്ദ്രശേഖരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ ചന്ദ്രശേഖരൻ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. പന്ത്രണ്ടുകാരിയായ ശിവനന്ദന, എട്ട് വയസ്സുള്ള ദേവനന്ദന എന്നിവരെയാണ് ചന്ദ്രശേഖരൻ കൊലപ്പെടുത്തിയത്. ചികിത്സയിലായിരുന്ന ഇയാളെ ആശുപത്രി വിട്ട ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന ഗുരുവായൂരിലെ ലോഡ്ജിൽ ചന്ദ്രശേഖരനെ എത്തിച്ച് പോലീസ് തെളിവെടുപ്പും നടത്തി.
