കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടക്കേസ്: മുന്‍ പ്രിന്‍സിപ്പലിന്റെയും എസ്എഫ്ഐ നേതാവിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

തിരുവനന്തപുരം; കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആൾമാറാട്ടക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജികള്‍ തള്ളി ഹൈക്കോടതി. മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹര്‍ജിയാണ് തളളിയത്. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകാണമെന്നും കോടതി നിര്‍ദേശിച്ചു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാനലില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയും ആള്‍മാറാട്ടം നടത്തിയ ഒന്നാം വര്‍ഷ ബിഎസ്‍സി വിദ്യാര്‍ഥി എ വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ് പോലീസ് കേസെടുത്തത്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
ഡിസംബര്‍ 12ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യു യു സി) തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയെ മാറ്റി പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേരാണ് കോളേജില്‍നിന്ന് കേരള സർവകലാശാലയ്ക്ക് നല്‍കിയത്. ആള്‍മാറാട്ടം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് എ വിശാഖിനെതിരെ എസ്എഫ്ഐ സംഘടനാ തലത്തിൽ നടപടിയെടുത്തിരുന്നു.
ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ജി ജെ ഷൈജുവിനെ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

By admin

Leave a Reply

Your email address will not be published. Required fields are marked *