ഗാന്ധിനഗർ: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു നാല് കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്.
അപകടത്തിൽ നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിരിറാം ദാമോർ (5), അഭിഷേക് ഭൂരിയ (4), ഗുൻഗുൻ ഭൂരിയ (2), മുസ്കൻ ഭൂരിയ (5) എന്നിവരാണ് മരിച്ചത്.
ഗുജറാത്ത് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ജോലി ചെയ്തിരുന്ന കുടുംബം ഫക്ടറിയുടെ സമീപം കുടിൽ കെട്ടി താമസിക്കുകയായിരുന്നു. ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഗുജറാത്തിൽ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. അടുത്ത രണ്ട് ദിവസവും ഗുജറാത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.