ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട. ഇപ്പോൾ ഈ ചർച്ച ഉയർത്തുന്നത് രാജ്യത്തിന്റെ ബഹുസ്വരത തകർക്കാൻ വേണ്ടി. ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്നത് രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കും. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണം; വിമർശനവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഏകീകൃത സിവിൽ കോഡിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ച ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണ് ആ ആശയം. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന ഏകീകൃത സിവിൽ കോഡിനുപകരം വ്യക്തിനിയമങ്ങൾക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികൾക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങൾക്ക് ആ വിശ്വാസ സമൂഹത്തിന്റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്.
ഏതൊരു മതത്തിലെയും പരിഷ്കരണ പ്രസ്ഥാനങ്ങൾ അവയ്ക്കകത്തുനിന്നുമാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇത്. ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷൻ 2018 ൽ വിലയിരുത്തിയിരുന്നു. ആ നിലപാടിൽ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്റെ വക്താക്കൾ ആദ്യം വിശദീകരിക്കേണ്ടത്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വ്യക്തിനിയമങ്ങളെ പ്രത്യേക അജണ്ട വെച്ച് ഏകീകരിക്കലല്ല, മറിച്ച് വിവിധ സാംസ്കാരിക വിശ്വാസ ധാരകളുടെ വ്യക്തിനിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കലാണ് ചെയ്യേണ്ടുന്ന കാര്യം. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമീഷനും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed