ഇ പോസ് മെഷീനുകൾ പണി മുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അവതാളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അവതാളത്തിലായി. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ കഴിയാതെ നിരവധി ആളുകൾക്കാണ് മടങ്ങിപോകേണ്ടി വന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം.
സംസ്ഥാനത്ത് ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇ പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിക്കുന്നത് 2017ലായിരുന്നു. അന്ന് മുതല്‍ ഇടക്കിടെ ഇ പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നിരവധി ആളുകളാണ് മടങ്ങിപ്പോകുന്നത്. ചിലര്‍ മണിക്കൂറുകളോളം കാത്ത് നിന്നാണ് റേഷൻ വാങ്ങുന്നത്. കഴിഞ്ഞ എട്ട് മാസമായി മെഷീൻ തകരാറിലാകുന്ന പ്രശ്നം വ്യാപാരികൾ നേരിടുന്നുണ്ട്.
കഴിഞ്ഞ ദിവസം ചാലക്കുടിയിലും സമീപ പ്രദേശങ്ങളിലും സെര്‍വര്‍ തകരാറിലായതോടെ റേഷന്‍ വിതരണം മുടങ്ങിയിരുന്നു. ഉച്ചതിരിഞ്ഞാണ് താലൂക്കിലെ ഭൂരിപക്ഷം റേഷന്‍ കടകളിലും സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം മുടങ്ങിയത്. ചുരുക്കം ചിലയിടങ്ങളില്‍ ഒടിപി വന്ന റേഷന്‍ വിതരണം നടത്തിയെങ്കിലും ഭൂരിപക്ഷം പേരും മണിക്കൂറുകള്‍ കടകളില്‍ കാത്തുനിന്നതല്ലാതെ സെര്‍വര്‍ തകരാര്‍ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളെടുത്ത് തകരാറുകള്‍ പരിഹരിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മാസാവസാനം ഇപ്പോഴും സെര്‍വര്‍ തകാരാറിലാകുന്നതായിട്ടാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. റേഷന്‍ കടകളില്‍ കൂടിയ വേഗതയുണ്ടെന്ന് പറയുന്ന കെ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *