ലണ്ടന്‍: പണപ്പെരുപ്പം നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള യു.കെയില്‍ കഴിഞ്ഞ വര്‍ഷം ഏഴിലൊരാള്‍ പട്ടിണിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആറ് ധനിക രാഷ്ട്രങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍.
2022ല്‍ അവിടെ 1.13 കോടി പേര്‍ ഭക്ഷണം കഴിക്കാന്‍ പണമില്ലാത്ത നിലയിലെത്തിയെന്നാണ് ഫുഡ് ചാരിറ്റി ബാങ്കായ ട്രസ്റ്റല്‍ ട്രസ്റ്റിന്റെ റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്‍ഡിന്റെ ആകെ ജനസംഖ്യയുടെ ഇരട്ടിയേക്കാള്‍ കൂടുതലാണിത്.
പണപ്പെരുപ്പം രൂക്ഷമായതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബ്രിട്ടന്‍. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതോടെ ജീവിക്കാന്‍ ആവശ്യമായ കൂലി ആവശ്യപ്പെട്ട് പ്രതിരോധം ഉള്‍പ്പെടെ സമസ്ത മേഖലയിലെയും ജീവനക്കാര്‍ സമരത്തിലാണ്. യു.കെയുടെ വിവിധ ഭാഗങ്ങളിലായി പാവങ്ങള്‍ക്ക് സൗജന്യ ഭക്ഷണപ്പൊതി നല്‍കുന്ന 1300 ബാങ്കാണ് ട്രസ്റ്റല്‍ ട്രസ്റ്റിനുള്ളത്. മാര്‍ച്ചുവരെ 30 ലക്ഷം പൊതിയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 ശതമാനം കൂടുതല്‍.
അഞ്ചു വര്‍ഷം മുമ്പ് നല്‍കിയിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം. യു.കെയില്‍ 71 ശതമാനം ജനങ്ങളും വിശന്നു കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏഴു ശതമാനം പേര്‍ക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്.