പാലക്കാട്: പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്.
സച്ചിന്റെയും നവവധു സജ്ലയുടെയും തല തമ്മില്‍ കൂട്ടിമുട്ടിച്ചത് പിന്നില്‍ നിന്ന അയല്‍വാസിയായിരുന്നു. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചപ്പോള്‍ വധുവും വരനും പകച്ചു പോയി. വേദന കൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ടാണ് വരന്റെ വീട്ടിലേക്ക് ആദ്യമായി കയറിപ്പോയത്. പാലക്കാട്ട് ഇങ്ങനൊരു ആചാരമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറുവിഭാഗം പറയുന്നത് ഇത് പാലക്കാട്ടെ ആചാരമാണെന്നാണ്.
