തിരുവനന്തപുരം – ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വിഭാഗം മുസ്‌ലീം വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ പിന്തുണയ്ക്കാതെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണന്നും  രോഗിയുടെ സുരക്ഷയ്ക്കും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു പ്രതികരിച്ചു.
ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്. കത്തില്‍ പറയുന്നത് ഇങ്ങനെയാണ് – ‘തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ ബാച്ചുകളിലായുള്ള മുസ്ലീം വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ ഓപ്പറേഷന്‍ തിയേറ്ററില്‍ തല മറയ്ക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തെ അഭിമുഖീകരിക്കാനാണ് ഈ കത്ത്. ഏതൊരു സാഹചര്യത്തിലും മുസ്ലീം സ്ത്രീകള്‍ തല മറയ്ക്കണം എന്നതാണ് മതവിശ്വാസ പ്രകാരം നിഷ്‌കര്‍ഷിക്കുന്നത്. ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ട്. നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നല്‍കണമെന്നും ഞങ്ങള്‍ക്ക് നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷന്‍ തിയറ്ററില്‍ ധരിക്കാന്‍ അനുവാദം നല്‍കണമെന്നും അപേക്ഷിക്കുന്നു. എനിക്കൊപ്പം സമാനമായ രീതിയില്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥിനികളും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ പ്രിന്‍സിപ്പാളിന് ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ കത്തില്‍ പറയുന്നു.
കത്ത് ലഭിച്ചിട്ടുണ്ടെന്നും കത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം ഒരു കമ്മിറ്റി വിളിച്ച് കൂട്ടി പരിശോധിക്കാനാണ് തീരുമാനമെന്നും ഇക്കാര്യം വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ ഡോ. ലിനറ്റ് ജെ.മോറിസ് അറിയിച്ചിരുന്നു. അതേസമയം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുള്ളതിനാല്‍  കൈകള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നും അത് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു.
 
2023 June 29KeralaIMA not supportDemand to allowWearing ScarvesOperation theatre. ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: IMA not support to allow the wearing of hijab in operation theatres

By admin

Leave a Reply

Your email address will not be published. Required fields are marked *