ചണ്ഡീഗഡ്: ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി സുഹൃത്തിനെ കൊലെപ്പെടുത്തിയ വ്യവസായി ഗുർപ്രീത് സിങ്ങ് പിടിയിൽ. സുഹൃത്ത് സുഖ്ജിത്തിനെയാണ് ഗുർപ്രീത് കൊലപ്പെടുത്തിയത്. നാലുകോടി രൂപയുടെ ഇൻഷൂറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയത്. കേസിൽ ഗുർപ്രീതിന്റെ ഭാര്യ ഖുശ്ദീപ് കൗർ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുർപ്രീത് സിങ്ങിന്റെ ബിസിനസ് തകർന്നതാണ് കൊലപാതകത്തിലേക്കു നയിച്ചത്. സുഖ്‌വിന്ദർ സിങ് സംഘ, ജസ്പാൽ സിങ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു നാലു പേർ. സുഖ്ജിത്തിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. പട്യാല റോഡിലെ കനാലിനു സമീപം സുഖ്ജിത്തിന്റെ വാഹനവും ചെരുപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ആത്മഹത്യ ചെയ്തെന്നാണ് ആദ്യം കരുതിയത്. ഇതിനിടെയാണ് സുഹൃത്ത് ഗുർപ്രീത് തന്റെ ഭർത്താവ് സുഖ്ജിത്തിന് സ്ഥിരം മദ്യം നൽകിയിരുന്നതായി ഭാര്യ വെളിപ്പെടുത്തിയത്. ഇതേ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഗുർപ്രീത് ഒരാഴ്ച മുൻപ് വാഹനാപകടത്തിൽ മരിച്ചതായി കുടുംബം അറിയിച്ചു. ഈ വിവരത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇവരുടെ മൊഴിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബിസിനസിൽ നഷ്ടം വന്ന ഗുർപ്രീത് പ്രദേശവാസിയായ സുഖ്ജിത്തുമായി സൗഹൃദം ആരംഭിക്കുകയായിരുന്നു. കൊലപാതകം തന്നെയായിരുന്നു ഗുര്‍പ്രീതിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. മദ്യത്തിൽ ലഹരിപദാർഥം ചേർത്ത് ബോധംകെടുത്തിയായിരുന്നു കൊലപാതകമെന്നും പൊലീസ് അറിയിച്ചു. പൊലീസ് തിരിച്ചറിയാതിരിക്കാൻ ഗുർപ്രീതിന്റെ വസ്ത്രവും സുഖ്ജിത്തിനെ അണിയിച്ചിരുന്നു. ട്രക്ക് കയറ്റിയാണ് സുഖ്ജിത്തിനെ കൊലപ്പെടുത്തിയത്. ട്രക്ക് കയറിയിറങ്ങിയ മൃതദേഹം തന്റെ ഭർത്താവിന്റേതാണെന്ന് ഗുർപ്രീതിന്റെ ഭാര്യ ഖുശ്ദീപ് കൗർ പൊലീസിനോടു പറഞ്ഞിരുന്നു.
