തിരുവനന്തപുരം- കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പോലീസുകാരടക്കം മൂന്നു പേർ പിടിയിൽ. വിനീത്, കിരൺ എന്നീ പോലീസുകാരും സുഹൃത്തായ അരുണുമാണ് പിടിയിലായത്. കാട്ടാക്കടയിൽ ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുന്ന മുജീബിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വിനീതിനെയും അരുണിനെയും രാവിലെ പോലീസ് പിടികൂടിയിരുന്നു. പൊൻമുടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ കിരണിനെ പറ്റി പിന്നീടാണ് വിവരം ലഭിച്ചത്. വിനീത് നേരത്തെ പോലീസിൽനിന്ന് സസ്‌പെൻഷനിലാണ്. വ്യാപാരസ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടാണ് വിനീതിനെ സസ്‌പെന്റ് ചെയ്തത്. കിരണും വിനീതും ചേർന്ന് നേരത്തെ ടൈൽ കട നടത്തിയിരുന്നു. ഇതിലെ നഷ്ടം നികത്താനാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പോലീസ് വേഷത്തിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം.
കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്ന മുജീബിനെ കാറിൽ പിന്തുടർന്ന സംഘം കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരാണ് എന്നായിരുന്നു മുജീബിനോട് പറഞ്ഞത്. വിലങ്ങിട്ട ശേഷം മുജീബിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളമുണ്ടാക്കിയതോടെ അക്രമി സംഘം കടന്നുകളഞ്ഞു. മുജീബിന്റെ ഇരുകൈകളും വിലങ്ങുവെച്ച് കാറിൽ ബന്ധിച്ചിരുന്നു. പോലീസ് എത്തിയാണ് വിലങ്ങ് അഴിച്ചത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
2023 June 28Keralaarrestpolicetitle_en: police arrested in kidnap case