ഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പച്ചക്കറി, പാചകവാതകം, ഇന്ധനം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില വർധിക്കുമ്പോഴും കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പകരം സമ്പന്നരുടെ സ്വത്ത് വർധിപ്പിക്കുന്ന തിരക്കിലാണ് ബിജെപി സർക്കാർ എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
പാവപ്പെട്ടവർ ഭക്ഷണത്തിനായി കൊതിക്കുകയാണെന്നും ഇടത്തരക്കാർ കുറച്ചു പണമെങ്കിലും സമ്പാദിക്കാനാകാതെ ബുദ്ധിമുട്ടുകയാണെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രസർക്കാരിനെതിരായ രാഹുലിന്റെ കടന്നാക്രമണം.
പണക്കാരുടെ സമ്പത്ത് വർധിപ്പിക്കാനും പൊതുജനത്തിൽനിന്നു നികുതി ഈടാക്കാനുമുള്ള തിരക്കിലാണ് ബിജെപി സർക്കാർ. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ബിജെപി മറന്നിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗ്യാസിന്റെ വില തങ്ങൾ കുറച്ചതായും പാവപ്പെട്ടവരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു.
‘‘സമത്വത്തിനായും തൊഴിലില്ലായ്മയ, പണപ്പെരുപ്പം, വിദ്വേഷം എന്നിവയെ നീക്കാനുമുള്ള പ്രതിജ്ഞയായിരുന്നു ഭാരത് ജോഡോ യാത്ര. യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ബിജെപിയെ ഞങ്ങൾ അനുവദിക്കില്ല’’–രാഹുൽ ഗാന്ധി പറഞ്ഞു.
