അഗര്‍ത്തല: ത്രിപുരയിലെ കുമാര്‍ഘട്ടില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഏഴുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കമാണ് ഏഴുപേര്‍ മരിച്ചത്. പതിനെട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പുകൊണ്ട് നിര്‍മിച്ച രഥം ഹൈവോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയാണ് വൻ അപകടമുണ്ടായത്.
133 കെവി ലൈനില്‍ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. ഘോഷയാത്രയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
സംഭവത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അഗര്‍ത്തലയില്‍നിന്നു സംഭവം നടന്ന കുമാര്‍ഘട്ടിലേക്കു യാത്ര തിരിച്ചതായി മണിക് സാഹ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ദുരന്തത്തിനിരയായവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മണിക് സാഹ കുറിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
