കൊച്ചി- പണയമായി നല്‍കിയ വാഹനം കബളിപ്പിച്ച് കൈക്കലാക്കി പണം തട്ടുന്ന കേസിലെ പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി. ഇടപ്പള്ളി വി പി മരക്കാര്‍ റോഡില്‍ അസറ്റ് ഹോംസില്‍ 9എയിലെ നസീര്‍ (42) ആണ് പിടിയിലായത്.
കാറുകള്‍ പണയത്തിന് നല്‍കാനുണ്ടെന്ന് ഒ എല്‍ എക്‌സില്‍ പരസ്യം നല്‍കിയ ശേഷം ഇടപാടുകാര്‍ക്ക് ഇയാളുടെ ഭാര്യയുടെ പേരില്‍ കരാര്‍ എഴുതി വാഹനം നല്‍കുകയും കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ഇടപാടുകള്‍ അവസാനിപ്പിച്ച് പണം തിരികെ നല്‍കാം എന്ന വ്യാജേന വാഹനം തട്ടിയെടുക്കുകയുമായിരുന്നു പതിവ്. ഇടപാടുകാരോട് വാഹനവുമായി വരുവാന്‍ ആവശ്യപ്പെടുകയും അത്തരത്തില്‍ എത്തുന്നവരെ വാഹനത്തിന്റെ അടുത്തുനിന്ന് തന്ത്രപൂര്‍വം മാറ്റിയശേഷം പണം നല്‍കാതെ വാഹനവുമായി കടന്നു കളയുകയാണ് ഇയാളുടെ പതിവ്.
പാലക്കാട് സ്വദേശിയില്‍ നിന്നും 2.4 ലക്ഷം രൂപയും ഇടുക്കി സ്വദേശിയില്‍ നിന്നും 3.5 ലക്ഷം രൂപയും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും കൊല്ലം സ്വദേശിയില്‍ നിന്നും 2.6 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍കാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരനില്‍ നിന്നും ലഭിച്ച ഇയാളുടെ പുതിയ വാട്‌സ്ആപ് നമ്പറില്‍ വാഹനം പണയത്തിന് എടുക്കുവാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലുലു മാളില്‍ വിളിച്ചു വരുത്തി പോലീസ് ഇയാളെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. ഇയാളുടെ പക്കലുള്ള വിവിധ വാഹനങ്ങള്‍ ഇതുപോലെ പണയത്തിന് നല്‍കിയിട്ടുള്ളതായും കൂടുതല്‍ ആളുകള്‍ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. ഇടപാടുകാര്‍ക്ക് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖകളാണ് നല്‍കി വന്നിരുന്നത്. ആഡംബര ജീവിതം നയിക്കുന്നതിനായാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കളമശ്ശേരി എസ്. ഐ ഷാജു, എ. എസ്. ഐ ദിലീപ്, എസ്. സി. പി. ഒ ഇസഹാക്ക്, ശ്രീജിത്ത്, അനൂജ്, ഷെമീര്‍, സി. പി. ഒ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
2023 June 28Keralavehicleഓണ്‍ലൈന്‍ ഡെസ്‌ക്title_en: man who stole the money and the vehicle was arrested