ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബിശ്വനാഥ് സിൻഹയെ ആഭ്യന്തരം വിജിലൻസ്‌ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സിൻഹ.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാർ അ​ഗർവാളാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി. രബീന്ദ്രകുമാർ എത്തുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ ധനകാര്യ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.
ആരോ​ഗ്യ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി മൊഹമ്മദ് ഹനീഷിന് ആരോഗ്യ സർവകലാശാല ഉൾപ്പെടെ മെഡിക്കൽ എജ്യുക്കേഷന്റെ പൂർണ അധിക ചുമതല നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫിന് വനിതാ കുടുംബക്ഷേമ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെയും ഐ ടി വിഭാ​ഗം സെക്രട്ടറി ഡോ രത്തൻ യു ഖേൽക്കറിന് പരിസ്ഥിതി വകുപ്പിന്റെയും പൂർണ അധിക ചുമതല നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവിനാണ് ടൂറിസം വകുപ്പിന്റെ അധിക ചുമതല.മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്ടർ ഡോ. എ കൗശിഗനെ ലാൻഡ്‌ റവന്യൂ കമീഷണറായി നിയമിച്ചു.
ദുരന്ത നിവാരണ കമീഷണറുടെ അധിക ചുമതലയും നൽകി. സർവെ ലാൻഡ്‌ റെക്കൊഡ്‌സ്‌ ഡയറക്ടർ ശ്രീറാം സാംബശിവ റാവുവിന്‌ ക്ഷീരവികസന ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി.
റവന്യു അഡീഷണൽ സെക്രട്ടറി ബി അബ്ദുൾ നാസറിന്‌ ഹൗസിങ്‌ കമീഷണറുടെയും ഹൗസിങ്‌ ബോർഡ്‌ സെക്രട്ടറിയുടെയും അധിക ചുമതല നൽകി. പട്ടികവിഭാഗ വികസന ഡയറക്ടർ കെ ഗോപാലകൃഷ്‌ണന്‌ പിന്നോക്ക വിഭാഗ വികസന ഡയറക്ടറുടെ അധികച്ചുമതല നൽകി.
മലപ്പുറം ജില്ലാ വികസന കമീഷണർ രാജീവ്‌ കുമാർ ചൗധരിയെ കായിക യുവജനകാര്യ ഡയറക്ടറായി മാറ്റി നിയമിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *