ബ്രസ്സൽസ്: വാഗ്നർ കൂലിപട്ടാളത്തിന്റെ ഭീഷണിയെ പ്രതിരോധിക്കാൻ തയാറാണെന്ന് നാറ്റോ. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് ആണ് ഇക്കാര്യം അറിയിച്ചത്. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിൻ ചൊവ്വാഴ്ച ബെലാറസിൽ എത്തിയിരുന്നു.
അട്ടിമറി ഭീഷണിയുമായി റഷ്യയെ 24 മണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷമാണ് വാഗ്നർ കൂലിപ്പട പിൻമാറിയത്. തെക്കൻ റഷ്യയിലെ റോസ്തോവ് നഗരം പിടിച്ച് മോസ്കോ ലക്ഷ്യമിട്ട് പുറപ്പെട്ട പ്രിഗോഷിനും സംഘവും ബെലാറൂസ് പ്രസിഡന്റിന്റെ ഇടപെടലിൽ പുടിൻ ഭരണകൂടവുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു. ഒത്തുതീർപ്പ് കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രിഗോഷിൻ അയൽരാജ്യമായ ബെലറൂസിൽ അഭയം പ്രാപിച്ചത്.
അതേസമയം, വാഗ്നർ കൂലിപട്ടാളത്തിന്റെ ബെലാറൂസിലെ സാന്നിധ്യം നാറ്റോ അംഗരാജ്യങ്ങളുടെ സമാധാനം കെടുത്തിയിട്ടുണ്ട്. “വാഗ്നർ അതിന്റെ സീരിയൽ കില്ലർമാരെ ബെലാറൂസിൽ വിന്യസിച്ചാൽ, എല്ലാ അയൽ രാജ്യങ്ങളും വലിയ അപകടത്തെ അഭിമുഖീകരിക്കും,” ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ഹേഗിൽ പറഞ്ഞു.
