കായംകുളം: രണ്ട് ലക്ഷം രൂപ നൽകി കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയവരിൽ പ്രമുഖരായ എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ നേതാക്കളുണ്ടെന്ന് കായംകുളം എം.എസ്.എം കോളേജിലെ വ്യാജസർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിൽ തോമസ് പോലീസിനോട് വെളിപ്പെടുത്തി. എം.എസ്.എം കോളേജിൽ ബികോം പഠിച്ച് തോറ്റ നിഖിൽ, കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എംകോം പ്രവേശനം നേടിയത്.
ഈ കേസിൽ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് നിഖിൽ എസ്.എഫ്.ഐ, ഡിവൈഎഫ്ഐ നേതാക്കളുടെ കൂടുതൽ തട്ടിപ്പ് വെളിപ്പെടുത്തിയത്. കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് പണം കൊടുത്ത് വാങ്ങിയ 10 നേതാക്കളുടെ പേരുകൾ നിഖിൽ പോലീസിനോട് വെളിപ്പെടുത്തി. പ്രമുഖ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുവിവരങ്ങൾ നിഖിൽ പറഞ്ഞതോടെ ഞെട്ടലിലാണ് പോലീസും പാർട്ടി നേതൃത്വവും.
നിഖിൽ വെളിപ്പെടുത്തിയ 10 നേതാക്കളിൽ ചിലർ പാർട്ടി നേതാക്കളും അഭിഭാഷകരും സർക്കാർ ഉദ്യോഗസ്ഥരും സഹകരണ സംഘത്തിലെ ജീവനക്കാരുമാണ്. ഇവരെല്ലാം സർക്കാർ ജോലിയടക്കം എങ്ങനെ നേടിയെന്ന കാര്യത്തിൽ പോലീസ് അന്വേഷണമുണ്ടായാൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലാവും. അതിനാൽ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആഴത്തിലുള്ള അന്വേഷണം ഇനി ഉണ്ടായേക്കാനിടയില്ല.
നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിലെ രണ്ടാം പ്രതിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അബിൻ രാജാണ് ഇവർക്കെല്ലാം വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മാലിദ്വീപിലുള്ള അബിൻ രാജിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഇതിലേക്ക് അന്വേഷണം മതിയെന്നാണ് പോലീസിന്റെ തീരുമാനം. എന്നാൽ അബിനെ തിരിച്ചു കൊണ്ടുവരാനുള്ല നീക്കങ്ങൾ പോലീസ് തുടങ്ങിയതായി വ്യക്തമല്ല.
നിഖിൽ അറസ്റ്റിലായതോടെ കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയവർ ഫേസ് ബുക്ക് പ്രൊഫൈലിൽ നിന്ന് കലിംഗ യൂണിവേഴ്സറ്റിയുടെ പേര് എഡിറ്റ് ചെയ്ത് മാറ്റി. ഏതാനും പേർ പ്രൊഫൈൽ ലോക്ക് ചെയ്തു. എന്നാലും ചേരി തിരിഞ്ഞ് നിൽക്കുന്ന പാർട്ടി സൈബർ പോരാളികൾ പരസ്പരം പേരുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിൽ നിഖിൽ ഡിഗ്രി സമ്പാദിച്ച കാലയളവിൽ ഡിഗ്രി സമ്പാദിച്ചവരും ഉണ്ട്. കായംകുളത്ത് സി.പി.എമ്മിൽ പ്രവർത്തകർ ഏറെ നാളുകളായി രണ്ട് ചേരിയിലാണ്. ചെമ്പട, കായംകുളത്തിന്റെ വിപ്ളവം തുടങ്ങിയ പേരുകളിൽ സൈബർ ഇടങ്ങളിൽ ഇവർ പരസ്പരം ആരോപണങ്ങൾ വാരിയെറിയുകയാണ്. ഇതിന്റെ ഭാഗമായാണ് നിഖിലിനെതിരെ ആരോപണം ഉയർന്നതും അറസ്റ്റിലേക്ക് നീങ്ങിയതും.
എസ്.എഫ്.ഐ സമ്മേളന കാലയളവിൽ എതിർ വിഭാഗം നിഖിൽ തോമസിനെ മർദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു സി.പി.എം ജനപ്രതിനിധിക്കെതിരെ ഭാര്യയുടെ ആരോപണം വിവാദമാക്കിയതും പുറത്താക്കലിൽ കലാശിച്ചതും. അബിൻ രാജിനെ അറസ്റ്റ് ചെയ്യുന്നതോടെ നിരവധി വ്യാജ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ പുറത്താകുമെന്ന് ഉറപ്പായി. അതിനാൽ അറസ്റ്റ് നീട്ടാനാണ് ശ്രമം.