പ്രധാനമന്ത്രി മുദ്രാ ലോണ്‍ വഴി പത്ത് ലക്ഷം തരപ്പെടുത്തി തരാമെന്ന് വ്യാജപ്രജരണം; കോട്ടയത്ത് റെയില്‍‍വേ ജീവനക്കാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ, പ്രതി പോലീസ് കസ്റ്റഡിയിൽ, ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനും ആര്‍ഭാട ജീവിതം നയിക്കുന്നതിനും വേണ്ടിയെന്ന് മൊഴി

കോട്ടയം: മുദ്രാ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയില്‍‍വേ ജീവനക്കാരിയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാല്‍ ലക്ഷം രൂപ. ഉദ്യോഗസ്ഥയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ചാലവര സ്വദേശി ആബിദ് ആണ് റെയില്‍വേ പൊലീസിന്‍റെ പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനും ആര്‍ഭാട ജീവിതത്തിനും വേണ്ടി സമാനമായ രീതിയില്‍ പലരില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.
കോട്ടയം റെയില്‍വെ സ്റ്റേഷനിലെ വെയിറ്റിങ് റൂമില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയില്‍ നിന്നാണ് ആബിദ് മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ തട്ടിയത്.
പ്രധാനമന്ത്രി മുദ്രാ ലോണ്‍ വഴി പത്ത് ലക്ഷം തരപ്പെടുത്താമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. പണം നല്‍കി കാലം കുറേ കഴിഞ്ഞിട്ടും വായ്പ കിട്ടാതായതോടെ ജീവനക്കാരി പണം തിരികെ ചോദിച്ചു. പണം തിരിച്ചു കിട്ടാഞ്ഞതിനെത്തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു.
തൊഴില്‍ വാഗ്ദാനം ചെയ്തും വായ്പ വാഗ്ദാനം ചെയ്തും പണം തട്ടിയതിന് ആബിദിനെതിരെ കൂടുതൽ പരാതികളുണ്ടെന്ന് ആര്‍പിഎഫ് അറിയിച്ചു. തട്ടിപ്പിലൂടെ ലഭിച്ച പണം ആബിദ് ഓണ്‍ലൈന്‍ റമ്മി കളിച്ച് കളഞ്ഞിരുന്നതായാണ് പൊലീസ് പറയുന്നത്. പത്താം ക്ലാസ് പോലും പാസാകാത്ത ആബിദ് സിവില്‍ എന്‍ജിനീയര്‍ ആണെന്ന് പറഞ്ഞായിരുന്നു ആളുകളെ പറ്റിച്ചിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *