കൊല്ലം∙ ജില്ലയിൽ പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയിലധികം വില വർധനയാണ് പല ഉൽപ്പന്നങ്ങൾക്കും ഇപ്പോഴുള്ളത്. വില നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊക്കെ പാളുന്ന കാഴ്ചയാണു വിപണിയിൽ.
പച്ചക്കറി
കൊല്ലം വലിയക്കട മാർക്കറ്റിലെ ചില്ലറ വിൽപനശാലയിൽ 1 കിലോഗ്രാം തക്കാളിക്ക് ഇന്നലെ വില 120 രൂപയായിരുന്നു. കഴിഞ്ഞ മാസം 20–30 രൂപയ്ക്കു ലഭിച്ചിരുന്ന തക്കാളിക്ക് 100 രൂപ അധികം നൽകേണ്ട അവസ്ഥയാണ്. ദിവസേന ഉപയോഗിക്കുന്ന പച്ചക്കറികളിൽ മിക്കവയുടെയും വില 100 കടന്നു. തക്കാളിക്ക് പുറമെ ഇഞ്ചി 240, പച്ചമുളക് 120, ചേമ്പ് 140, കാരറ്റ് 100, ബീൻസ് 140, പാവയ്ക്ക 80, വെണ്ട 60, പടവലം 60, കാച്ചിൽ 100, തടിയൻ 40, മത്തൻ 40, പയർ 80 എന്നിങ്ങനെയാണ് കിലോഗ്രാമിന് വില.
ഭൂരിഭാഗം പച്ചക്കറികൾക്കും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണു വില. കർണാടകയിലെ ബെംഗളൂരു, ഹാസൻ മേഖലകളിൽ മേയ് മാസത്തിലെ വരൾച്ചയിൽ ഉണ്ടായ കൃഷി നാശമാണ് പച്ചക്കറി വിതരണത്തിൽ പ്രധാന തിരിച്ചടി സൃഷ്ടിച്ചത്. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള ഇറക്കുമതി കുറഞ്ഞതും വില വർധനവിനു കാരണമായി. സീസൺ അവസാനിച്ചതോടെ പഴവർഗങ്ങളുടെയും വില ഇരട്ടിയിലധികമായി.
ഇറച്ചി
കഴിഞ്ഞാഴ്ച 180 രൂപ വരെ ഉയർന്ന കോഴി വില ഇന്നലെ കിലോഗ്രാമിന് 135 രൂപയായിരുന്നു. കോഴിക്ക് കഴിഞ്ഞ മാസത്തേക്കാൾ 50 രൂപയോളമാണ് വർധിച്ചത്. കോഴി ഇറച്ചിയായി വാങ്ങുകയാണെങ്കിൽ 250 രൂപയോളം നൽകണം. മേയിലെ കല്യാണ സീസൺ അവസാനിച്ച് അധ്യയന വർഷം തുടങ്ങുന്ന സമയങ്ങളിൽ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും വില വർധിച്ചതിനാൽ ഫാമുകളിൽ കോഴിക്കു വില കൂടിയതും വിലവർധനയ്ക്കു കാരണമായി. ഇടനിലക്കാർ ലാഭം കൊയ്യുന്ന സ്ഥിതിയാണുള്ളതെന്നുള്ള പരാതിയും കച്ചവടക്കാർക്കുണ്ട്. തമിഴ്നാട്ടിൽ നിന്നു വരുന്ന കോഴികളെ പൂർണമായും ആശ്രയിക്കേണ്ടി വന്നതോടെയാണ് കോഴിവില കുത്തനെ ഉയർന്നത്.
കോഴിക്കുഞ്ഞുങ്ങളുടെ ഇറക്കുമതി വർധിക്കാൻ സമയമെടുക്കുന്നതിനാൽ തന്നെ കുറച്ചു കാലത്തേക്ക് കൂടി കോഴിവില ഉയർന്നു നിൽക്കാൻ തന്നെയാണ് സാധ്യത. ബീഫിനു കിലോഗ്രാമിനു 380 മുതൽ 400 രൂപ വരെയും മട്ടന് കിലോഗ്രാമിന് 800 മുതൽ 850 രൂപ വരെയുമാണ് ജില്ലയിലെ വില. ട്രോളിങ് നിരോധനം മൂലം മീൻ ലഭ്യത കുറഞ്ഞതോടെ മാംസത്തിനു ആവശ്യക്കാരേറിയതും വില വർധനവിനു കാരണമായിട്ടുണ്ട്.
മത്സ്യം
ട്രോളിങ് നിരോധനത്തിനു ശേഷം 1 കിലോഗ്രാം മത്തിക്ക് 240 രൂപ വരെ നൽകേണ്ട അവസ്ഥ ഉണ്ടായി ജില്ലയിൽ. മുൻപ് 40 കിലോഗ്രാം വരുന്ന ഒരു കുട്ട മത്സ്യത്തിനു 3000 രൂപ വിലയുണ്ടായിരുന്നതാണ് ട്രോളിങ് നിരോധനത്തിന് ശേഷം വർധിച്ചത്. 200 രൂപയുണ്ടായിരുന്ന കിളിമീനിനു 550–600 രൂപ, 120–150 രൂപ ഉണ്ടായിരുന്ന അയലയ്ക്ക് 250–300 രൂപ, 100 രൂപയിൽ താഴെ വിലയുണ്ടായിരുന്ന നങ്ക് 120 രൂപ, ഉലുവ മീൻ 150 രൂപ, നെത്തോലി 180 രൂപ എന്നിങ്ങനെയാണ് മത്സ്യത്തിനു വില വർധിച്ചിരിക്കുന്നത്.
മായം കലർന്ന മത്സ്യം:പരിശോധന കർശനം
അയൽ ജില്ലകളിലെ ഹരിപ്പാട്, വർക്കല പ്രദേശങ്ങളിൽ നിന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മായം കലർത്തിയ മത്സ്യം പിടിച്ചെടുത്തതോടെ ജില്ലയിലെ ചെക്ക്പോസ്റ്റുകളിലും രാത്രികാല മത്സ്യലേല കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കിയതായി ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു.
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ മൊബൈൽ പരിശോധന ലാബ് സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. ട്രോളിങ് നിരോധനം മുതലെടുത്തു ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത മത്സ്യം വലിയതോതിൽ സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്.