കേരളത്തിന്റെ പുതിയ പോലീസ് മേധാവിയെ ചൊവ്വാഴ്ച അറിയാം; അനിൽകാന്തിന് പിൻഗാമിയാവാൻ മൂന്നുപേർ. കേന്ദ്രത്തിന്റെ പാനലിൽ ഉൾപ്പെട്ടത് ഡി.ജി.പിമാരായ പദ്മകുമാറും ഷേഖ് ദർവേഷും ഐ.ബിയിൽ നിന്ന് ഹരിനാഥ് മിശ്രയും. സർക്കാരിന്റെ ഇഷ്ടക്കാരൻ പദ്മകുമാർ. വിവാദങ്ങളില്ലാത്ത ക്ലീൻ പ്രതിച്ഛായയുമായി ഷേഖ് ദർവേഷും. ഏറെക്കാലമായി കേരളത്തിലില്ലാത്ത മിശ്രയെ പരിഗണിച്ചേക്കില്ല

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പോലീസ് മേധാവിയെ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തിരഞ്ഞെടുത്തേക്കും. ഡി.ജി.പി നിയമനത്തിനുള്ള യു.പി.എസ്.സിയുടെ അന്തിമപാനൽ സർക്കാരിന് ലഭിച്ച സാഹചര്യത്തിലാണിത്. ജയിൽ മേധാവി കെ.പദ്മകുമാർ, ഫയർഫോഴ്സ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡി.ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണ് പാനലിലുള്ളത്.

ഇതിൽ ഒരാളെ സർക്കാരിന് നിയമിക്കാം. സീനിയോറിറ്റിയിൽ മുന്നിലുള്ള പദ്മകുമാറിനാണ് സാദ്ധ്യതയേറെ. സർക്കാരിന്റെ ഇഷ്ടക്കാരനുമാണ് പദ്മകുമാർ. എന്നാൽ സുപ്രധാന ചുമതലകൾ നൽകിയപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ ഷേഖ് ദർവേഷ് സാഹിബിനെയും പരിഗണിച്ചേക്കാം. 30നാണ് നിലവിലെ ഡി.ജി.പി അനിൽകാന്ത് വിരമിക്കുന്നത്.
ഏറെ വർഷങ്ങളായി കേരളത്തിൽ ജോലി ചെയ്തിട്ടില്ലാത്ത കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അഡി.ഡയറക്ടർ ഹരിനാഥ് മിശ്രയെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ഇടയില്ല. കേന്ദ്ര ഐ.ബിയിൽ നിന്ന് കേരളാ പോലീസിന്റെ തലപ്പത്തേക്ക് വരാൻ സമ്മതമാണെന്ന് മിശ്ര അറിയിച്ചതിനെത്തുടർന്നാണ് പോലീസ് മേധാവി നിയമനത്തിനുള്ള പാനലിൽ ഉൾപ്പെടുത്തിയത്. എന്നാൽ സംസ്ഥാന സർക്കാർ പറയുന്നതെല്ലാം അതേപടി അനുസരിക്കുന്ന ആളാണോ മിശ്രയെന്ന് സംശയമുള്ളതിനാൽ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ഇടയില്ലെന്നാണ് പോലീസിൽ നിന്ന് അറിയുന്നത്.
അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) തലവനായി നിയമിതനായ നിതിൻ അഗർവാൾ ഒഴിവായതോടെയാണ് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയാവാൻ ഈ മൂന്നുപേരും ഇടംപിടിച്ചത്. ഡിജിപിയാവാൻ അർഹരായ 7പേരുടെ പട്ടികയാണ് യു.പി.എസ്.സിയുടെ ഉന്നത തല സമിതി പരിഗണിച്ചത്. ഇക്കൂട്ടത്തിൽ ജയിൽ മേധാവി കെ.പദ്മകുമാറാണ് സീനിയർ.
യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി മൂന്നംഗ അന്തിമപാനൽ തയാറാക്കി സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്ന് സംസ്ഥാന സർക്കാരാണ് പൊലീസ് മേധാവിയെ നിയമിക്കേണ്ടത്.
ജൂൺ30നാണ് നിലവിലെ മേധാവി അനിൽകാന്ത് വിരമിക്കുന്നത്. 2025ഏപ്രിൽ വരെ കാലാവധിയുള്ള പദ്മകുമാറിനും 2024ജൂലായ് വരെ കാലാവധിയുള്ള ഷേഖ്ദർവേഷിനുമാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. നിയമിക്കപ്പെടുന്നവരെ രണ്ടുവർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. രണ്ടുവർഷം വരെ കാലാവധി നീട്ടാനും സംസ്ഥാനത്തിന് അധികാരമുണ്ട്.
അന്തിമപാനലിൽ ഉൾപ്പെട്ടാൽ, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാറിനും സാദ്ധ്യതയുണ്ട്. 2025ആഗസ്റ്റ് വരെ കാലാവധിയുണ്ട്. ഐ.ബിയിലുള്ള ഹരിനാഥും രവാഡയും കേരളത്തിലേക്ക് മടങ്ങിയെത്താൻ സന്നദ്ധതയറിയിച്ചിരുന്നു. അന്തിമപാനലിൽ ഉൾപ്പെട്ട 3പേർക്ക് പുറമെ ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ, എ.ഡി.ജി.പിമാരായ സഞ്ജീബ്കുമാർ പട്ജോഷി, യോഗേഷ്ഗുപ്ത, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡി.ഡയറക്ടർ രവാഡാ ചന്ദ്രശേഖർ എന്നിവരും സംസ്ഥാനം നൽകിയ പാനലിൽ ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *