ചെന്നൈ: ഡി.എം.കെ നേതാവ് കനിമൊഴി എം.പി ബസിൽ കയറി അഭിനന്ദിച്ചതിനു പിന്നാലെയുണ്ടായ വിവാദത്തില്‍ ജോലി പോയ മലയാളി വനിതാ ഡ്രൈവർ ശർമിളക്ക് നടനും മക്കൾ നീതി മയ്യം പ്രസിഡന്‍റുമായ കമൽഹാസന്‍ കാർ സമ്മാനമായി നൽകി. കമൽ കൾചറൽ സെന്ററാണ് ശർമിളക്ക് കാർ സമ്മാനിച്ചത്.
“തന്റെ പ്രായത്തിലുള്ള സ്ത്രീകൾക്ക് നല്ലൊരു മാതൃകയായ ശർമിളയെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങള്‍ എന്നെ വേദനിപ്പിച്ചു. ശർമിള ഡ്രൈവറായി മാത്രം തുടരേണ്ടയാളല്ല. നിരവധി ശർമിളമാരെ സൃഷ്ടിക്കണം”- കാര്‍ കൈമാറി കമല്‍ഹാസന്‍ പറഞ്ഞു.
കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ 24കാരി ശർമിളയെ നേരിട്ട് അഭിനന്ദിക്കാന്‍ കനിമൊഴി എം.പി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. കനിമൊഴി അല്‍പ്പനേരം ബസില്‍ യാത്ര ചെയ്ത് ശര്‍മിളയോട് കുശലാന്വേഷണം നടത്തി. യാത്രക്കിടെ കണ്ടക്ടര്‍ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ച് ബഹുമാനമില്ലാതെ പെരുമാറിയെന്ന് പരാതി പറയാന്‍ ചെന്നപ്പോള്‍ ബസ് ഉടമ ശര്‍മിളയെ ശകാരിച്ചു. സ്വന്തം പ്രശസ്തിക്ക് വേണ്ടി ശര്‍മിള കനിമൊഴിയെ ബസിൽ കയറ്റിയെന്ന് ബസ് ഉടമ കുറ്റപ്പെടുത്തി. ഇതൊന്നും തന്നെ അറിയിക്കുന്നില്ലെന്നും പറഞ്ഞു. ഇനി ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്ന് ബസ് ഉടമ പറഞ്ഞതോടെയാണ് ശര്‍മിള ജോലി വിട്ടത്.
എന്നാല്‍ ജോലിയിൽ നിന്ന് താൻ പറഞ്ഞുവിട്ടിട്ടില്ലെന്നും ശർമിള സ്വയം ജോലി മതിയാക്കുകയായിരുന്നുവെന്നും ബസ് ഉടമ അവകാശപ്പെട്ടു. ശർമിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ഉറപ്പാക്കുമെന്നും കനിമൊഴി പ്രതികരിച്ചു. പിന്നാലെയാണ് കമല്‍ഹാസന്‍ ശര്‍മിളയ്ക്ക് കാര്‍ സമ്മാനമായി നല്‍കിയത്.
