ഡൽഹി: കാലാവസ്ഥ മോശമായതിനെ തുടർന്ന് അടിയന്തരമായി ഇറക്കിയ വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്. ഞായറാഴ്ച ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കിയപ്പോഴാണ് വീണ്ടും പറത്താൻ പൈലറ്റ് വിസമ്മതിച്ചത്. ഡൽഹിയിലെത്താൻ ബദൽ സംവിധാനങ്ങൾ തേടേണ്ടി വന്ന 350 ഓളം യാത്രക്കാർ പൈലറ്റിന്റെ വിസമ്മതത്തെത്തുടർന്ന് ജയ്പൂർ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം കുടുങ്ങി.
ഡൽഹി എയർപോർട്ടിലെ കാലാവസ്ഥ മോശമായതിനാൽ പുലർച്ചെ 4 മണിക്ക് ഡൽഹിയിൽ എത്തേണ്ടിയിരുന്ന AI-112 വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഏകദേശം 10 മിനിറ്റോളം ആകാശത്ത് വട്ടമിട്ടാണ് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്.
ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ലണ്ടനിലേക്കുള്ള വിമാനത്തിന് ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് യാത്ര പുനരാരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു. എന്നാൽ, പൈലറ്റ് വിമാനം പറത്താൻ വിസമ്മതിക്കുകയും വിമാനത്തിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിമിതിയും ഡ്യൂട്ടി സമയവുമാണ് നിരസിക്കാൻ കാരണമെന്ന് പൈലറ്റ് പറഞ്ഞു. ഇത് കൂടാതെ മറ്റ് ചില വിമാനങ്ങളും ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
തൽഫലമായി വിമാനത്താവളത്തിൽ കുടുങ്ങിയ 350 ഓളം യാത്രക്കാരോട് ബദൽ ക്രമീകരണങ്ങൾ തേടാൻ ആവശ്യപ്പെട്ടു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം, അവരിൽ ചിലരെ റോഡ് മാർഗം ഡൽഹിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർക്ക് പകരം പൈലറ്റിനെ ഏർപ്പാടാക്കിയ ശേഷം അതേ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനായി.