വെള്ളപ്പാണ്ടുകള്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നതെന്ന് മനസ്സിലാക്കാം

നമ്മുടെ ശരീരം, ശരീരത്തിന്റെ നിറങ്ങളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് വെള്ളപ്പാണ്ട്. ശരാശരി ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രം പേര്‍ക്കാണ് ഇത് കണ്ടുവരുന്നത്. ഇത്തരക്കാര്‍ സമൂഹത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ വെള്ളപ്പാണ്ട് മറ്റൊരു രോഗത്തിലേക്ക് നയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ശരീരത്തിന്റെ പല ഭാഗങ്ങളിലും വെള്ളനിറത്തിലുള്ള പാടുകള്‍ കാണാം. അത് പലരിലും പല വലുപ്പത്തിയിലും ആകൃതിയിലും ഘടനയിലുമായിരിക്കും. വെള്ളപ്പാണ്ടിനെ അതിന്റെ സ്വഭാവമനുസരിച്ച് പലതായി വേര്‍തിരിച്ചിട്ടുണ്ട്.
ചുണ്ടിലും കൈവിരലിന്റെ അറ്റങ്ങളിലുമായി വെള്ളനിറം പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള വെള്ളപ്പാണ്ടുകള്‍ അക്രോഫേഷ്യല്‍ വിറ്റ്ലിഗോ എന്ന മെഡിക്കല്‍ നാമത്തില്‍ അറിയപ്പെടുന്നു. ഇത് അപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ്. ഇത്തരം വെള്ളപ്പാണ്ടുകള്‍ മരുന്നുകളോട് പ്രതികരിക്കാറില്ല. ഇതു കൂടാതെ കോമണ്‍ വിറ്റ്ലിഗോയുണ്ട്. ഇത് മരുന്നുകൊണ്ട് മാറുന്നവയാണ്.
ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുതാണ് പാണ്ടുകള്‍ ഉണ്ടാവാന്‍ കാരണം. കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടാറുണ്ട്. മരുന്ന് കഴിച്ചതുകൊണ്ട് ഇവ ഭേദമായിട്ടില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ പാണ്ട് ഇല്ലാതാക്കാം.
വെള്ളപ്പാണ്ടുകള്‍ എങ്ങനെ വരുന്നു, എന്തുകൊണ്ട് വരുന്നു എന്നത് മിക്ക ആളുകള്‍ക്കും അറിയില്ല. വെള്ളപ്പാണ്ടുള്ളവരില്‍ പോലും ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കാറുണ്ട്. പല ഘടകങ്ങളും പാണ്ടിന് കാരണമാവാറുണ്ട്. മനുഷ്യ ശരീരത്തിലെ, അതായത് ശരീരത്തെ അക്രമിക്കാന്‍ വരുന്ന ബാക്ടീരിയ, വൈറസ് പോലുള്ള അണുക്കളെ ചെറുത്തു നിര്‍ത്താന്‍ സഹായിക്കുന്ന കോശങ്ങള്‍ ശരീരത്തിന് നിറം നല്‍കുന്ന കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുമ്പോഴാണ് പാണ്ട് പ്രധാനമായും ഉണ്ടാകുന്നത്.
തുടക്കത്തില്‍ ചികിത്സ തേടിയാല്‍ ഒരു പരിധിവരെ വെള്ളപ്പാണ്ട് നിയന്ത്രിക്കാന്‍ സാധിക്കും. അതായത് കോശങ്ങളെ നശിപ്പിച്ചുകൊണ്ടേയിരിക്കുകയാണെങ്കില്‍ ശേഷിക്കുന്ന നല്ല കോശങ്ങളെക്കൂടി അവ ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാകും. പിന്നീട് നിറം കൊടുക്കുന്ന കോശങ്ങള്‍ മുഴുവനായും ഇല്ലാതാവുകയും ചെയ്യും. ഇത് നിയന്ത്രിക്കണമെങ്കില്‍ ചികിത്സ തേടേണ്ടതുണ്ട്. ഇല്ലായെങ്കില്‍ അവ കൂടിക്കൊണ്ടേയിരിക്കും. തുടക്കത്തില്‍ ഒരു വര്‍ഷത്തോളം പാണ്ട് കൂടിവരാറുണ്ട്. പിന്നീട് അവ കുറഞ്ഞ് സാധാരണ ഗതിയിലേക്കെത്തുകയാണ്. ധാരാളം കോശങ്ങളുള്ള സ്ഥലത്തു നിന്നും കോശങ്ങളെടുത്ത് പാണ്ടുള്ള സ്ഥലത്ത് നിക്ഷേപിക്കുന്ന രീതിയിലാണ് ശസ്ത്രക്രിയ ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *