പാകം ചെയ്ത ഭക്ഷണവും മത്സ്യവും മാംസവും പച്ചക്കറികളും പഴങ്ങളും എന്ന് വേണ്ട എന്ത് സാധനവും കേടുകൂടാതെയിരിക്കാൻ എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് റഫ്രിജിറേറ്റർ. ഇങ്ങനെ നമുക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം നിറച്ചു വച്ചിരിക്കുന്ന ഫ്രിജ് തുറക്കുമ്പോഴേ ദുർഗന്ധം വന്നാലോ? ആ ദുർഗന്ധം ഇല്ലാതാക്കാൻ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.
ഫ്രിജിനകം വൃത്തിയാക്കാൻ വിമുഖത വേണ്ട
സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായതു കൊണ്ട് തന്നെ വലിയ ഇടവേളകളില്ലാതെ ഫ്രിജ് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. നനച്ച തുണി കൊണ്ടോ ടിഷ്യൂ പേപ്പറുകൾ കൊണ്ടോ അല്ല തുടക്കേണ്ടത്. ഫ്രിജിനകം വൃത്തിയാക്കുന്നതിനായി ഇപ്പോൾ മാർക്കറ്റിൽ ഫ്രിജ് ക്ലീനിങ് സൊല്യൂഷൻസ് ലഭിക്കും. അല്ലെങ്കിൽ ഇവ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. അതിനു ഒരല്പം ബേക്കിങ് സോഡയും നാരങ്ങയും മതിയാകും. കറകളും പാടുകളുമൊക്കെ പോകാനും ഈ വഴി ഫലപ്രദമാണ്.
ഫ്രിജിൽ കരുതാം കറിവേപ്പില
ഫ്രിജ് വൃത്തിയാക്കിയതിനു ശേഷം അതിനകത്തായി കറിവേപ്പില, ചെറുനാരങ്ങ, ഗ്രാമ്പൂ എന്നിവയിലേതെങ്കിലുമൊന്നു സൂക്ഷിക്കാം. ഇവയുടെ ഗന്ധം മറ്റുള്ള ദുർഗന്ധങ്ങളെക്കാളും മുകളിൽ നിൽക്കുന്നതു കൊണ്ടുതന്നെ ഫ്രിജ് തുറക്കുമ്പോൾ ചീത്ത മണം ഉണ്ടാകുകയില്ലെന്നു മാത്രമല്ല, ചെറുപ്രാണികൾ ഇവയുടെ ഗന്ധത്തിൽ നിന്നും അകന്നു നിൽക്കുകയും ചെയ്യും.
വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കാം
ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ ഫ്രിജിൽ സൂക്ഷിക്കുന്നവരാണ് നമ്മിലേറെയും. പാകം ചെയ്ത ഭക്ഷണങ്ങൾ വായു കടക്കാത്ത പാത്രങ്ങളിലാക്കി അടച്ചു സൂക്ഷിച്ചാൽ ഗന്ധം പുറത്തേയ്ക്കു വരുന്നത് തടയാൻ ഒരു പരിധി വരെ സഹായിക്കും. മാത്രമല്ല, കൂടുതൽ ദിവസം പാകം ചെയ്തവ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.
വിനാഗിരി ഉപയോഗിക്കാം
വിനാഗിരിയിൽ വെള്ളം ചേർത്ത് തിളപ്പിച്ചതിനു ശേഷം നാല് മുതൽ ആറു മണിക്കൂർ വരെ ഫ്രിജിൽ സൂക്ഷിക്കാം. ദുർഗന്ധങ്ങളെ മുഴുവൻ വലിച്ചെടുക്കാൻ ഈ ലായനിയ്ക്കു സാധിക്കും. ഇത് തയാറാക്കാനായി ആപ്പിൾ സിഡെർ വിനഗർ എടുക്കുകയാണെങ്കിൽ ഫ്രിജിൽ ആപ്പിളിന്റെ ഗന്ധം നിലനിൽക്കുകയും ചെയ്യും.
ഫ്രിജിനുള്ളിൽ നല്ല ഗന്ധം നിറയാൻ…
ഫ്രിജ് വൃത്തിയാക്കിയതിനു ശേഷം വിപണിയിൽ വാങ്ങുവാൻ കിട്ടുന്ന എസൻഷ്യൽ ഓയിലുകളിൽ ഏതെങ്കിലുമൊരെണ്ണത്തിൽ കോട്ടൺ ബോളുകൾ മുക്കി ഫ്രിജിൽ വെയ്ക്കാം. ഉദാഹരണമായി വനിലയുടെ എസൻസ് ഉപയോഗിക്കാം. ഫ്രിജിനുള്ളിൽ നല്ല ഗന്ധം നിറയ്ക്കാൻ ഇതിലൂടെ സാധിക്കും.