നെടുമങ്ങാട്: അയൽവാസിയെ ആക്രമിച്ച് ഓട്ടോറിക്ഷ തകർത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. കരകുളം ആറാംകല്ല് കല്ലുവരമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണനെ (31) ആക്രമിച്ച കേസിലാണ് അറസ്റ്റ്. അയൽവാസി ശ്രീജിത്തിനെ (24) അരുവിക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ ഉണ്ണികൃഷ്ണൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആറാംകല്ല് ജങ്ഷനു സമീപം ചായ കുടിക്കാൻ ഓട്ടോറിക്ഷ നിർത്തി. ഈ സമയം അവിടെയെത്തിയ ശ്രീജിത്തും കൂട്ടുകാരൻ രാജീവും ചേർന്ന് ഉണ്ണികൃഷ്ണനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും അടിവയറ്റിലും സാരമായ പരിക്കുണ്ട്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉണ്ണികൃഷ്ണന്റെ മൊബൈൽ ഫോണും ഓട്ടോറിക്ഷയും അക്രമികൾ തകർത്തു. അരുവിക്കര പൊലീസ് വധശ്രമത്തിന് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
