വടക്കഞ്ചേരി: സ്കൂളുകളിലെ ഉച്ചക്കഞ്ഞി ഫണ്ട് വർധനയിൽ വീണ്ടും കൈമലർത്തി സർക്കാർ. തുച്ഛമായ സംഖ്യ ഒന്നിനും തികയാത്ത സാഹചര്യത്തിൽ കുട്ടികളുടെ അന്നം മുടങ്ങാതിരിക്കാൻ കടം വാങ്ങി കെണിയിലായിരിക്കുകയാണ് പല പ്രധാനാധ്യാപകരും. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി മുതൽ മുഖ്യമന്ത്രിക്ക് വരെ നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ഓണത്തിന് പട്ടിണി സമര പ്രഖ്യാപനവും നടത്തി. എന്നിട്ടും വിദ്യാഭ്യാസ വകുപ്പ് പതിവ് പല്ലവി തുടരുകയാണ്.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ മന്ത്രിയെ കണ്ടപ്പോൾ ജനകീയ സമിതികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം തേടാനായിരുന്നു നിർദേശം. സ്കൂൾ അധ്യാപകർ, പി.ടി.എ, പാചകത്തൊഴിലാളി, വിദ്യാർഥി പ്രതിനിധി എന്നവരടങ്ങുന്ന സമിതിക്കാണ് സ്കൂൾ ഉച്ചഭക്ഷണ ചുമതല. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മുട്ടയും പാലും നൽകുന്നത് നിർത്താനാണ് സ്കൂളുകളുടെ ആലോചന. സാമ്പത്തിക ബുദ്ധിമുട്ട് താങ്ങാനാവാതെ പല സ്കൂളുകളും മുട്ട നിർത്തി. നൂറ് കുട്ടികൾക്ക് മുകളിലുള്ള സ്കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷം സർക്കാർ മാനദണ്ഡപ്രകാരം ഭക്ഷണം നൽകിയ വകയിൽ രണ്ടര ലക്ഷം രൂപക്ക് മുകളിൽ കടക്കാരായ പ്രധാനാധ്യാപകരുണ്ട്.