മോസ്കോ: റഷ്യയെ അട്ടിമറിക്കാനുള്ള വിമത നീക്കം മോസ്കോയെ ലക്ഷ്യമാക്കി മുന്നേറുകയാണ്. ലിപെസ്ക് പ്രവശ്യയും കടന്ന് വാഗ്നർ സംഘം മുന്നേറിയതോടെ മോസ്കോയിൽ സുരക്ഷ ശക്തമാക്കി. അപ്രതീക്ഷിതമായ നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് റഷ്യ. രാജ്യത്ത് അതീവ സുരക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസിഡന്റ് പുടിൻ രാജ്യം വിട്ടതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
മോസ്കോ നഗരത്തിലേക്കുള്ള പ്രധാന കവാടങ്ങൾ സൈന്യം അടച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു. ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഭീകരവിരുദ്ധ നടപടി ആരംഭിച്ചതായി സെർജി സോബിയാനിൻ ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മോസ്കോ നഗരത്തിൽ തിങ്കളാഴ്ച അവധിയായിരിക്കും. അപകടസാധ്യതകൾ കുറയ്ക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിയുന്നത്ര നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കുക. സിറ്റി സർവീസുകൾ അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
മോസ്കോയിൽനിന്നും 97 കിലോമീറ്റർ അകലെയുള്ള പ്രദേശത്തെ പാലത്തിൽ വലിയ ട്രക്കുകൾ ഉപയോഗിച്ച് റോഡ് അടച്ചതിന്റെ വീഡിയോ ടെലിഗ്രാമിൽ പ്രചരിക്കുന്നുണ്ട്. ഇതിനകം വിമതർ മൂന്നു നഗരങ്ങൾ പിടിച്ചെടുത്തു. പലസ്ഥലത്തും വിമതർ പ്രധാന റോഡുകൾ അടച്ച് കുഴിബോംബുകൾ സ്ഥാപിച്ചു.
മോസ്കോയിൽ നിന്ന് 500 കിലോമീറ്റർ തെക്ക് വർണോയിഷ് നഗരത്തിലെ സൈനിക കേന്ദ്രങ്ങൾ വാഗ്നർ വിമതർ നിയന്ത്രണത്തിലാക്കിയതായി ശനിയാഴ്ച രാവിലെ റഷ്യൻ സുരക്ഷാ വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
യുക്രെയ്നെതിരായ നീക്കത്തില്‍ റഷ്യക്ക് ഏറെ നിര്‍ണായകമായ റൊസ്തോവിൽ കവചിത വാഹനങ്ങളിലും യുദ്ധ ടാങ്കുകളിലും വാഗ്നർ കൂലിപ്പട്ടാളം ഇരിക്കുന്നതിന്റെ പ്രദേശവാസികൾ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം രാവിലെ ഏഴരയ്ക്ക് സൈനിക ആസ്ഥാനത്ത് പ്രവേശിച്ചുവെന്നാണ് വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോസിൻ ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അവകാശപ്പെട്ടത്. വാഗ്നര്‍ ഗ്രൂപ്പ് എത്തുന്നതറിഞ്ഞ് റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ജെറാസിമോവ് ഓടി രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
